ഇക്കാര്യത്തിൽ സോണിയ ഗാന്ധിയുടെ നിലപാടിനോട് യോജിപ്പില്ല -രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിൽ കോൺഗ്രസ്

ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ​ജയിൽ മോചിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയിൽ സോണിയ ഗാന്ധിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്ന് കോൺഗ്രസ്. പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സോണിയ ഇടപെട്ടിരുന്നു.

പ്രതികളെ വിട്ടയക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ നിയമ പരിഹാരം ആലോചിക്കുകയാണെന്നും കോ​ൺഗ്രസ് വ്യക്തമാക്കി. ''രാജീവ് ഗാന്ധി വധക്കേസ് കേവലം ഒരു പ്രാദേശിക കൊലപാതകമല്ല. ഒരു ദേശീയ പ്രശ്നമാണത്. മറ്റേതൊരു കുറ്റകൃത്യവുമായി അതിനെ താരതമ്യം ചെയ്യാനാകില്ല. ഇക്കാര്യത്തിൽ സോണിയ ഗാന്ധിയുടെത് അവരുടെ സ്വന്തം അഭിപ്രായമാണ്. അവരോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, ആ നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ല. ഇക്കാര്യം വർഷങ്ങൾക്കു മുമ്പേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. രാജീവ് ഗാന്ധി കേസിൽ കേന്ദ്ര സർക്കാരിന്റെ അതേ നിലപാട് തന്നെയാണ് ​കോൺഗ്രസിന്റെതും'' -കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി പ്രതികരിച്ചു.

കേസിൽ പേരറിവാളനെ മോചിപ്പിച്ചതു ചൂണ്ടിക്കാട്ടി മേയിലാണ് നളിനി ജയിൽ മോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ ഏഴു പ്രതികളും 30 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.

1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീ പെരുംപുതുരിൽ വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. കൊലപാതകത്തിൽ ഏഴു പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. 2000ത്തിൽ നളിനിയുടെ ശിക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ നളിനി ഗർഭിണിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയ ദയാഹരജി നൽകിയത്.

2014ൽ ആറു പ്രതികളുടെയും ശിക്ഷ ഇളവുചെയ്തു. അതേ വർഷം തന്നെ പ്രതികളെ മോചിപ്പിക്കാനുള്ള നീക്കങ്ങൾക്ക് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മുൻകൈയെടുത്തു. 2008ൽ രാജീവ് ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധി തമിഴ്നാട്ടിലെ വെല്ലൂരിലെ ജയിലിൽ എത്തി നളിനിയെ കണ്ടു.

അതേസമയം, രാജീവ് ഗാന്ധി വധം വ്യവസ്ഥാപിത കൊലപാതകമാണെന്നതിൽ ഉറച്ചു നിൽക്കുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അഖണ്ഡതക്കും നേരെയുണ്ടായ ആക്രമണമാണത്. അത്കൊണ്ടാണ് കേന്ദ്രസർക്കാർ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാത്തത്. കോൺഗ്രസ് സർക്കാരായാലും ബി.ജെ.പി സർക്കാരായാലും ഈ വിഷയത്തിൽ സമാന നിലപാടാണുള്ളത് -സിങ്വി പറഞ്ഞു. പ്രതികളെ വിട്ടയക്കാനുള്ള സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും ട്വീറ്റ് ചെയ്തിരുന്നു.

Tags:    
News Summary - Don't agree with sonia gandhi says congress on Rajiv Gandhi killers' release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.