ചെന്നൈ: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് വരെ ഗവർണർ ആർ.എൻ രവിയെ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹത്തെ മാറ്റരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ‘അഭ്യർഥിച്ച്’ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈയിൽ സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഗവർണർ തങ്ങളുടെ തെരഞ്ഞെടുപ്പ് കാമ്പയിനെ സഹായിക്കുകയാണെന്നും സ്റ്റാലിൻ പരിഹസിച്ചു.
‘തമിഴ്നാട് ഗവർണറെ മാറ്റരുതെന്ന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും അഭ്യർഥിക്കുന്നു. അദ്ദേഹത്തെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ തുടരാനനുവദിക്കുക. മനസ്സിൽ തോന്നുന്നതെല്ലാം അദ്ദേഹം വിളിച്ചുപറയുകയാണ്. എന്നാൽ, ജനങ്ങൾ ഇതൊന്നും കാര്യമായിട്ടെടുക്കുന്നില്ല’,സ്റ്റാലിൻ പറഞ്ഞു.
‘ചിലർ ബംഗ്ലാവുകളിൽ ഉയർന്ന പദവികളിൽ ഇരിക്കുകയാണ്. യഥാർഥത്തിൽ ഇവ അനാവശ്യ പദവികളാണ്. എന്താണ് ദ്രാവിഡം എന്നാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്’, ഗവർണറെ ഉന്നമിട്ട് സ്റ്റാലിൻ കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡി.എം.കെയും ഗവർണർ ആർ.എൻ രവിയും തമ്മിലുള്ള ‘പോര്’ ഏറെ കാലമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്ഭവനുനേരെ യുവാവ് പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. സംഭവത്തിൽ, സംസ്ഥാന സർക്കാറിനെതിരെ കടുത്ത പരാമർശങ്ങളുമായി ഗവർണർ ആർ.എൻ. രവിയുടെ ഓഫിസ് രംഗത്തുവന്നു. ഗവർണറുടെ ജീവന് ഭീഷണിയായ നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് അരങ്ങേറിയെന്നും എന്നാൽ, പൊലീസിന്റെ മനഃപൂർവമായ അവഗണന കാരണം ഇത് ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
ബുധനാഴ്ച യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത് ഇത്തരം മനോഭാവത്തിന്റെ പ്രത്യാഘാതമാണെന്നായിരുന്നു ചെന്നൈ പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ രാജ്ഭവന്റെ ആരോപണം. ഭരണകക്ഷിയായ ഡി.എം.കെയുടെ നേതാക്കളും പ്രവർത്തകരും യോഗങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെയും ഗവർണർക്കെതിരെ നിരന്തരം ഭീഷണിയും അവഹേളനവും തുടരുകയാണെന്നും പിന്നീട് മാധ്യമങ്ങൾക്ക് നൽകിയ പരാതിയുടെ പകർപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.