ന്യൂഡല്‍ഹി: യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ യുക്രെയ്നിലുള്ള ഇന്ത്യക്കാര്‍ക്കായി വിദേശകാര്യ മന്ത്രാലയം കണ്ട്രോള് റൂം തുറന്നു. യുക്രെയ്നില്‍നിന്ന് കൂടുതല്‍ വിമാന സര്‍വിസുകള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എയര്‍ ഇന്ത്യയുടെയും യുക്രെയ്നിയന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെയും സര്‍വിസുകളായിരിക്കും ഏര്‍പ്പെടുത്തുക. ആവശ്യത്തിന് വിമാന സര്വിസില്ലെന്ന പരാതിയുമായി നിരവധി ഫോണ്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതായും എംബസി വ്യക്തമാക്കി. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍, ഫേസ്ബുക്ക് പേജുകള്‍ കൃത്യമായി നിരീക്ഷിക്കണം. എംബസിയുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ നടക്കും. വിദ്യാര്‍ഥികളുടെ പഠനം പ്രതിസന്ധിയിലാകാതിരിക്കാന്‍ യുക്രെയ്ൻ അധികൃതരുമായി ആശയവിനിമയം നടത്തിവരുകയാണെന്നും എംബസി അറിയിച്ചു. വിദ്യാര്‍ഥികള്‍ പരിഭ്രാന്തരാകേണ്ടതില്ല.
ലഭ്യമാകുന്ന ആദ്യ വിമാനത്തിന് നാട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. 20,000ത്തിലധികം ഇന്ത്യക്കാര്‍ യുക്രെയ്നിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 18,000ത്തിലധികം വിദ്യാര്‍ഥികളാണ്. യുക്രെയ്നില്‍നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നടപടികളാരംഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരുന്ന കാര്യം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ചചെയ്തു. കേന്ദ്ര വ്യോമയാന മന്ത്രാലയവുമായും വിവിധ വിമാനക്കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരുകയാണ്.
കണ്ട്രോള് റൂം ഫോണ്‍ നമ്പറും ഇ-മെയില്‍ ഐഡിയും പ്രസിദ്ധപ്പെടുത്തുന്ന മുറക്ക് ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായം തേടാം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. യുക്രെയ്ൻ പ്രതിസന്ധിയില്‍ സഹായത്തിന് 1800118797 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം. 011 23012113, 23014104, 23017905 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. situationroom@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലും സഹായം തേടാവുന്നതാണ്. കിയവിലെ ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പറിലും ഇ- മെയില്‍ വിലാസത്തിലും മുഴുവന്‍ സമയവും ആശയവിനിമയം സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.