പട്ന: ബി.ജെ.പിയുടെ വാതിലുകൾ ആവശ്യമുണ്ടെങ്കിൽ വീണ്ടും തുറക്കുമെന്ന് മുതിർന്ന നേതാവ് സുശീൽ കുമാർ മോദി. ജെ.ഡി.യു വീണ്ടും ബി.ജെ.പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാഷ്ട്രീയത്തിൽ ഒരു വാതിലും അന്തിമമായി അടച്ചിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വേണമെങ്കിൽ ആവശ്യമായ തീരുമാനമെടുക്കും. ഒരു വാതിലും രാഷ്ട്രീയത്തിൽ എന്നേക്കുമായി അടച്ചിട്ടില്ല. ആവശ്യമുണ്ടെങ്കിൽ ഡോറുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് സുശീൽ കുമാർ മോദി ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഞായറാഴ്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും വാർത്തകളുണ്ട്. നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. പുതിയ സർക്കാർ രൂപവത്കരിക്കുന്നതിന് മുന്നോടിയായി നിലവിലെ മഹാസഖ്യ സർക്കാർ നിതീഷ് കുമാർ പിരിച്ചുവിടും. ബി.ജെ.പി നേതാവ് സുശീൽ കുമാർ ആയിരിക്കും ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറുമായി കഴിഞ്ഞയാഴ്ച നിതീഷ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിഹാറിലെ സഖ്യം വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. നിതീഷ് മടങ്ങിവരാന്‍ തയ്യാറുണ്ടെങ്കില്‍ ബി.ജെ.പി. പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.