ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുനടത്തുന്ന വിഷയം ചർച്ച ചെയ്യാൻ നിയമ കമീഷൻ ചൊവ്വാഴ്ച സമ്പൂർണ യോഗം വിളിച്ചു. തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് അനുസൃതമായി, സമ്പൂർണ യോഗത്തിൽ ചർച്ച ചെയ്യാൻ കമീഷൻ കരട് നിർദേശം രൂപപ്പെടുത്തിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം റദ്ദാക്കണമെന്ന നിർദേശവും കരട് മുന്നോട്ടുവെക്കുന്നു. മറ്റൊരു സർക്കാർ ഉണ്ടാക്കാൻ കഴിയുന്ന ചുറ്റുപാടില്ലാതെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് അനുമതി നിഷേധിക്കുന്നതാണ് മറ്റൊരു നിർദേശം. തുടക്കത്തിൽതന്നെ വിവാദങ്ങളിലേക്ക് നീങ്ങാവുന്ന നിർദേശങ്ങളാണ് ഇവ.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ഭരണഘടനയും ജനപ്രാതിനിധ്യനിയമവും അതിനനുസരിച്ച് ഭേദഗതി ചെയ്യണം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ഒരു കൂട്ടം സംസ്ഥാനങ്ങളിലും 2024ലെ ലോക്സഭക്കൊപ്പം മറ്റൊരു കൂട്ടം സംസ്ഥാനങ്ങളിലും നിയമസഭതെരഞ്ഞെടുപ്പ് നടത്താമെന്നാണ് കരടുനിർദേശം. ആദ്യഘട്ടത്തിൽ കേരളവും തമിഴ്നാടും പശ്ചിമ ബംഗാളും അടക്കം 19 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021ൽ മാത്രം നിയമസഭാകാലാവധി പൂർത്തിയാകുന്ന സംസ്ഥാനങ്ങളാണിവ. അടുത്ത നിയമസഭതെരഞ്ഞെടുപ്പ് 2022ൽ നടക്കേണ്ട യു.പി അടക്കം12 സംസ്ഥാനങ്ങളാണ് രണ്ടാമത്തെ ഗണത്തിൽ.
നിയമസഭയുടെ കാലാവധി കൂട്ടാനും കുറക്കാനും ഭരണഘടനയും ജനപ്രാതിനിധ്യനിയമവും ഭേദഗതി ചെയ്യാതെ പറ്റില്ല. ഭേദഗതികൾ നടത്താൻ തയാറെങ്കിൽ, ഒരേസമയം തെരഞ്ഞെടുപ്പുനടത്താൻ തയാറാണെന്ന് തെരഞ്ഞെടുപ്പു കമീഷൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വോട്ടുയന്ത്രത്തോടുള്ള അവിശ്വാസം നീക്കുന്ന വിധം ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തിലാകെട്ട, സർക്കാറും കമീഷനും പ്രത്യേക അഭിപ്രായപ്രകടനങ്ങൾ നടത്തിയിട്ടില്ല. തൂക്കുസഭ, കാലാവധി പൂർത്തിയാകാൻ കഴിയാതെ സർക്കാറിന് തെരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടാവുക എന്നീ ഘട്ടങ്ങളെ നേരിടുന്നതിനുള്ള മറുമരുന്ന് എന്ന നിലയിലാണ് കൂറുമാറ്റനിരോധനനിയമം റദ്ദാക്കാമെന്നും അവിശ്വാസം ഉപാധികൾക്കുവിധേയമായി കൊണ്ടുവരാമെന്നുമുള്ള നിയമ കമീഷെൻറ കരടുനിർദേശം. എന്നാൽ, ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയം അടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുനീക്കാൻ ഏറെ കടമ്പകൾ ബാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.