ദ്രൗപദി മുർമു എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: മുൻ ഝാർഖണ്ഡ് ഗവർണറും ബി.ജെ.പിയുടെ വനിതാ ഗോത്ര നേതാവുമായ ദ്രൗപദി മുർമു എൻ.ഡി.എ രാഷ്ട്രപതി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ആസ്ഥാനത്ത് ചേർന്ന പാർലമെന്‍റ് ബോർഡ് യോഗത്തിന്‍റെ തീരുമാനം ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയാണ് ചൊവ്വാഴ്ച രാത്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രതിപക്ഷ പൊതു സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എൻ.ഡി.എയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

49 ശതമാനം വോട്ട് ഉറപ്പിച്ച എൻ.ഡി.എ സ്ഥാനാർഥിക്കാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മേൽക്കൈ. ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവർ പാർട്ടി പാർലമെന്‍ററി ബോർഡ് യോഗത്തിൽ പങ്കെടുത്തു.

ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിൽ ജനിച്ച 64കാരി മുർമു 2000ൽ സംസ്ഥാന മന്ത്രിയായി. 2003 വരെ മന്ത്രിയായി തുടർന്നു. 2002 മുതൽ 2009 വരെയും 2010 മുതൽ 2015 വരെയും ബി.ജെ.പി മയൂർഭഞ്ച് ജില്ലാ പ്രസിഡന്‍റായി. പട്ടികവർഗ മോർച്ചയുടെ സംസ്ഥാന പ്രസിഡന്‍റായിരിക്കേ ഝാർഖണ്ഡിലേക്ക് ഗവർണറായി അയച്ചു. റായ്രംഗ്പുർ ജില്ലയിൽനിന്ന് ബി.ജെ.പി കൗൺസിലറായാണ് മുർമു രാഷ്ട്രീയപദവികളിലെത്തിത്തുടങ്ങിയത്. തുടർന്ന് വൈസ് ചെയർപേഴ്സണായി.

പാർലമെന്‍ററി ബോർഡ് യോഗത്തിലെത്തും മുമ്പ് അമിത് ഷായും നഡ്ഡയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയത് അദ്ദേഹമായിരിക്കും അടുത്ത രാഷ്ട്രപതി സ്ഥാനാർഥിയെന്ന അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.

Tags:    
News Summary - Draupadi murmu is the presidential candidate of NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.