ന്യൂഡൽഹി: പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാവിലെ 10.15ന് പാർലമെന്റ് സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഗോത്രവർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്.
സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ശ്രദ്ധ ചെലുത്തുമെന്ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ദ്രൗപതി മുർമു പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കും. ജനങ്ങളുടെ വിശ്വാസമാണ് എന്റെ കരുത്ത്. പാവപ്പെട്ടവർക്കും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയണം. അതിനുള്ള സാഹചര്യങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടാകണം. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ശ്രദ്ധ നൽകും. ചുമതലകൾ നിഷ്പക്ഷമായി നിർവഹിക്കും. ദലിതരുടെ സ്വപ്നവും പൂവണിയും. എന്റെ ജീവിതം തന്നെയാണ് അതിനു തെളിവെന്നും മുർമു കൂട്ടിച്ചേർത്തു.
രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനിൽ പാർലമെന്റിലേക്ക് ദ്രൗപതി മുർമു എത്തിയത്.ഉപരാഷ്ട്രപതിയും ലോക്സഭാ സ്പീക്കറും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചേർന്ന് ഇരുവരെയും സെൻട്രൽ ഹാളിലേക്ക് ആനയിച്ചു. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരു വനിത ഇന്ത്യയുടെ പ്രഥമ വനിതയാകുന്നത്. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രസിഡന്റാകും മുർമുവെന്നതാണ് മറ്റൊരു സവിശേഷത.
1958 ജൂൺ 20ന് സാന്താൽ കുടുംബത്തിലാണ് ജനനം.ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽനിന്നുള്ള ബി.ജെ.പി നേതാവാണ് ദ്രൗപതി മുർമു. ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളിലൊന്നാണ് മയൂർബഞ്ച്. രാഷ്ട്രീയത്തിലെത്തുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. 1997ൽ കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.
പിന്നീട് റായ് രംഗ്പുർ എൻ.എ.സിയുടെ വൈസ് ചെയർപേഴ്സനായി. ബി.ജെ.പി ടിക്കറ്റിൽ 2000ത്തിലും 2009ലും രണ്ടുതവണ റായ് രംഗ്പൂർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിൽ അധികാരത്തിലെത്തിയ ബി.ജെ.പി-ബി.ജെ.ഡി ഒഡിഷ സർക്കാരിൽ ഗതാഗതം, വാണിജ്യം, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2013 മുതൽ 2015 വരെ എസ്.ടി മോർച്ചയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്നു.
2015ലാണ് ഝാർഖണ്ഡിലെ ആദ്യ വനിത ഗവർണർ ആയി ദ്രൗപതി മുർമു ചുമതലയേറ്റത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ഗോത്രവിഭാഗം വനിതയുമാണ് മുർമു. ഗവർണറായിരിക്കെ, റോഡുകളുടെ വികസനത്തിനും മറ്റുമായി അവർ അക്ഷീണം പ്രയത്നിച്ചു. ഈ 64കാരിയുടെ പേര് 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉയർന്നുകേട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.