ജമ്മുവില്‍ സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍

ശ്രീനഗര്‍: ആക്രമണശ്രമം സൈനികര്‍ വെടിയുതിര്‍ത്ത് പരാജയപ്പെടുത്തിയതിന് പിന്നാലെ ജമ്മുവില്‍ സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. രത്‌നുചാക്-കുഞ്ജാവനി മേഖലയിലാണ് മൂന്നു തവണയായി ഡ്രോണ്‍ കണ്ടത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഡ്രോണുകള്‍ മേഖലയില്‍ കാണുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.08നും 3.09നും 4.19നുമാണ് ഡ്രോണുകള്‍ കണ്ടത്. തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി. അതേസമയം, സൈന്യം ഔദ്യോഗികമായി പ്രസ്താവനയിറക്കിയിട്ടില്ല.

ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സൈനിക വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരക്കും തകരാര്‍ സംഭവിച്ചിരുന്നു.

തൊട്ടുപിന്നാലെ, തിങ്കളാഴ്ച പുലര്‍ച്ചെ കലുചക്-രത്‌നുചക് മേഖലയില്‍ സൈനിക കേന്ദ്രത്തിന് സമീപം കണ്ടെത്തിയ ഡ്രോണുകള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തിരുന്നു. ആക്രമണ ശ്രമം സൈനികരുടെ ഇടപെടലിലൂടെ വഴിമാറിയതായാണ് സൈന്യം പ്രസ്താവിച്ചത്.

സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ വിലയിരുത്തുന്നത്. വന്‍ സുരക്ഷാ മേഖലകളില്‍ പോലും ഭീഷണി സൃഷ്ടിക്കുന്നവയാണ് ഇത്തരം നീക്കങ്ങള്‍. പാക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണുകളില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.

2019ല്‍ പഞ്ചാബിലെ അമൃത്സറിലെ ഗ്രാമത്തില്‍ ഡ്രോണ്‍ തകര്‍ന്നുവീണതോടെയാണ് അതിര്‍ത്തിയില്‍ നിന്ന് ആയുധങ്ങളെത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ലഹരിമരുന്നുകളും ആയുധങ്ങളുമെത്തിക്കാന്‍ നിരവധി തവണ ഡ്രോണുകള്‍ ഉപയോഗിച്ചതായി കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റിലായ ഭീകരര്‍ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Drones again: Spotted over military areas outside Jammu city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.