ന്യൂഡൽഹി: ആദിവാസി ഗോത്ര വിഭാഗമായ സന്താൾ സമുദായത്തിൽനിന്നുള്ള ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയ ബി.ജെ.പി ലക്ഷ്യം വെക്കുന്നത് കിഴക്കേ ഇന്ത്യയിലെ രാഷ്ട്രീയ മുന്നേറ്റം. തങ്ങൾക്ക് കീഴടങ്ങാത്ത കിഴക്കേ ഇന്ത്യയിൽ ഗോത്ര വിഭാഗങ്ങളിൽ സ്വത്വ രാഷ്ട്രീയം പയറ്റി നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്കു വേണ്ടി സ്വത്വരാഷ്ട്രീയം പയറ്റിയ ദ്രൗപദി മുർമുവിനെ രാഷ്ട്രപതിഭവനിൽ കൊണ്ടുവന്നിരുത്തി നടത്തുന്ന തുടർപരീക്ഷണമാണിത്.
യു.പിയിലെ ദലിത് സ്വത്വത്തെ ഹിന്ദുത്വ സ്വത്വത്തിൽ ലയിപ്പിച്ചപോലെ കിഴക്കൻ മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളെ ഹിന്ദുത്വ വോട്ടുബാങ്കാക്കി പരിവർത്തിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഏറെ നാളായി ബി.ജെ.പി. സന്താൾ സമുദായത്തിലെ വനിത രാഷ്ട്രപതി ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് നൽകുന്ന രാഷ്ട്രീയ സന്ദേശത്തിന്റെ പ്രതിഫലനം ഒഡിഷയിലും ഝാർഖണ്ഡിലും ബിഹാറിലും മാത്രമല്ല, പശ്ചിമ ബംഗാളിലും ഉണ്ടാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. കോൺഗ്രസ് ശക്തിയല്ലാത്ത ഈ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് മുന്നിലെ തടസ്സം പ്രാദേശിക കക്ഷികളാണ്.
ദ്രൗപദി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ പ്രഖ്യാപനത്തിന് ആദ്യ പിന്തുണ അറിയിക്കുന്നത് എൻ.ഡി.എക്ക് പുറത്തുള്ള ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ്. ഒഡിഷ ജനങ്ങളുടെ അഭിമാന നിമിഷമാണിതെന്നും സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ് മുർമുവെന്നും നവീൻ ട്വീറ്റ് ചെയ്തു. ബിഹാറിൽ നിതീഷ് കുമാറുമൊത്തുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിനിടയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നവീൻ പട്നായികിനെ ചേർത്തുനിർത്തി ബി.ജെ.പി കിഴക്കേ ഇന്ത്യയിലെ ഗോത്രവർഗക്കാർക്കിടയിൽ കടന്നുകയറാനുള്ള തന്ത്രം പയറ്റിയത്.
2012ൽ പ്രണബ് മുഖർജിയെ യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയപ്പോൾ നിതീഷ് കുമാർ പിന്തുണച്ചത് ബി.ജെ.പിയുടെ ഓർമയിലുണ്ട്. ഝാർഖണ്ഡ് ഗവർണറായിരിക്കേ പഠൽഗഡി പ്രസ്ഥാനത്തെ തടുർന്ന് ആദിവാസികളിലുണ്ടായ അതൃപ്തി മാറ്റാൻ ബി.ജെ.പി സർക്കാറുമായി ചേർന്ന് മുർമു പരിശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.