മുംബൈ: മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ 25ഓളം താരങ്ങളിലേക്ക്. സുശാന്ത് സിങ് രാജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ കാമുകിയും നടിയുമായ റിയ ചക്രബർത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയോട് താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തി. റിയയുടെ സഹോദരൻ സൗവിക്ക് ചക്രബർത്തിയും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ചില താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡ് താരങ്ങളുടെ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം തുറന്നുകാണിക്കുന്ന ഒേട്ടറെ ഡിജിറ്റൽ തെളിവുകൾ എൻ.സി.ബി കണ്ടെടുത്തിരുന്നു. 25 പേർക്കും എൻ.സി.ബി ഉടൻ നോട്ടീസ് അയക്കുമെന്നാണ് വിവരം. താരങ്ങളുടെ പട്ടിക മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുമെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.
റിയയെ ചൊവ്വാഴ്ച മൂന്നാംതവണയും ചോദ്യംചെയ്തതിനുശേഷമാണ് അറസ്റ്റ് ചെയ്തത്. താൻ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്നും മൊഴി നൽകിയതായാണ് വിവരം. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ബോളിവുഡ് പാർട്ടികളെക്കുറിച്ചും റിയ എൻ.സി.ബിയോട് പറഞ്ഞു. സുശാന്തിെൻറ ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും റിയ പറഞ്ഞു. സുശാന്തിെൻറ സിനിമയിൽ ഒപ്പം അഭിനയിച്ചവർക്കും നോട്ടീസ് അയച്ചതായാണ് വിവരം.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരൻ സൗവിക്ക്, സുശാന്തിെൻറ മാനേജർ സാമുവൽ മിറാൻഡ, പാചകക്കാരൻ ദീപേഷ് സാവന്ത് എന്നിവരെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സെപ്റ്റംബർ ഒമ്പതിന് വീണ്ടും കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.