ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റെയ്ഡിനിടെ ഭാര്യയെ വെടിവെച്ച് കൊന്ന ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി ബി.ജെ.പി പ്രാദേശിക നേതാവ് ഗുർതജ് സിങ് ഭുള്ളർ. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ഭുള്ളർ ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഒരു ജനപ്രതിനിധിയായിട്ട് പോലും എനിക്ക് ഇതെല്ലാം സംഭവിച്ചു. ബന്ദികളാക്കിയെന്ന പ്രചരണമാണ് യു.പി പൊലീസ് നടത്തുന്നത്. റോഡിൽ എല്ലായിടത്തും സി.സി.ടി.വികളുണ്ട്. എനിക്ക് നീതി വേണം. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാരാണുള്ളത്. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുന്നു. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം. പക്ഷേ നീതിയുക്തമായ അന്വേഷണം നടക്കണമെന്നും ഭുള്ളർ വ്യക്തമാക്കി.
ഖനി മാഫിയയുമായി ബന്ധമുള്ള തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളി സഫറിനെ പിടികൂടാൻ ഉത്തരാഖണ്ഡിലെത്തിയ യു.പി പൊലീസ് ആണ് വെടിവെപ്പ് നടത്തിയത്. പ്രതിയെ പിന്തുടരുന്ന് പിടിക്കാൻ നടത്തിയ ശ്രമിത്തിനിടെയാണ് ബി.ജെ.പി പ്രാദേശിക നേതാവ് ഗുർതജ് ഭുള്ളറിന്‍റെ ഭാര്യയും 28കാരിയുമായ ഗുർപ്രീത് കൗറിന് വെടിയേറ്റത്.
ഉത്തരാഖണ്ഡിലെ ജസ്പുർ ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടായിരുന്നു ഏറ്റുമുട്ടൽ. മൊറാദാബാദിന് സമീപത്ത് വെച്ചാണ് ക്രിമിനൽ കേസ് പ്രതിയെ പിടികൂടാനുള്ള യു.പി പൊലീസിന്‍റെ റെയ്ഡ് ആരംഭിച്ചത്. പിന്തുടരുന്നതിനിടെ പ്രതി ഉത്തരാഖണ്ഡ് അതിർത്തി കടന്ന് ബി.ജെ.പി നേതാവിന്‍റെ ഫാംഹൗസിൽ അഭയം തേടി. യു.പി പൊലീസ് സ്ഥലത്തെത്തിയതോടെ സംഘർഷവും വെടിവെപ്പും ആരംഭിച്ചു. ഇതിനിടെയാണ് ഗുർപ്രീത് കൗർ കൊല്ലപ്പെടുന്നത്. വെടിയേറ്റ രണ്ട് പേരടക്കം അഞ്ച് യു.പി പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
ബി.ജെ.പി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രകോപിതരായ നാട്ടുകാർ യു.പി പൊലീസുകാരെ ബന്ദികളാക്കുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. യുവതിയുടെ മരണത്തിൽ യു.പി പൊലീസിനെതിരെ കൊലപാതകകുറ്റത്തിന് ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കുറ്റവാളിയെ ഒളിപ്പിക്കാൻ ബി.ജെ.പി നേതാവ് ശ്രമിച്ചെന്നാണ് യു.പി പൊലീസിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.