വിദ്യാർഥികളെ തോക്കുചൂണ്ടി മുൾമുനയിൽ നിർത്തിയയാളെ ജീവൻ പണയംവെച്ച് കീഴ്പ്പെടുത്തി ഡി.എസ്.പി; വിഡിയോ വൈറൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാൽഡയിൽ ക്ലാസ് മുറിയിൽ വിദ്യാർഥികൾക്ക് നേരെ തോക്കുചൂണ്ടി നാടിനെ മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയയാളെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അസ്ഹറുദ്ദീൻ ഖാൻ കീഴ്പ്പെടുത്തിയത് ജീവൻ പണയം വെച്ച്. ഓൾഡ് മാൽഡ ജില്ലയിൽ മുചിയ അഞ്ചൽ ചന്ദ്രമോഹൻ ഹൈസ്കൂളിലായിരുന്നു സംഭവം. നിറയെ വിദ്യാർഥികളുണ്ടായിരുന്ന എട്ടാം ക്ലാസിൽ തോക്കും കത്തിയുമായി എത്തിയ ദേബ് ബല്ലഭ് എന്ന 44കാരൻ വിദ്യാർഥികളെയും അധ്യാപകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കൾ സ്ഥാപനത്തിന് ചുറ്റും തടിച്ചുകൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിൽ സാധാരണ വേഷത്തിലാണ് അസ്ഹറുദ്ദീൻ ഖാൻ ഉണ്ടായിരുന്നത്. മാധ്യമപ്രവർത്തകനെന്ന രീതിയിൽ ബല്ലഭിനെ അനുനയിപ്പിക്കാൻ ശ്രമിച്ച അദ്ദേഹം തോക്ക് ​ചൂണ്ടിനിൽക്കുന്ന വല്ലഭിന് നേരെ പൊടുന്നനെ ഓടിയടുക്കുകയും തോക്ക് തട്ടിത്തെറിപ്പിക്കുകയുമായിരുന്നു. ഉടൻ മറ്റു പൊലീസുകാരും അധ്യാപകരുമെല്ലാം ഓടിയെത്തി പ്രതിയെ പിടികൂടുകയും കുട്ടികളെ ക്ലാസിൽനിന്ന് മാറ്റുകയും ചെയ്തു. ഇതോടെയാണ് കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം ശ്വാസം നേരെ വീണത്.

Full View

ദ്രാവകമടങ്ങിയ രണ്ട് കുപ്പിയും ഒരു കത്തിയും ബല്ലഭിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തന്റെ ഭാര്യയെയും കുഞ്ഞിനെയും ആരോ തട്ടിക്കൊണ്ടുപോയെന്നും പലതവണ പരാതി നൽകിയിട്ടും പൊലീസും ഭരണാധികാരികളും അവരെ കണ്ടെത്താൻ നടപടിയെടുക്കാത്തതിനാൽ സമ്മർദം ചെലുത്താനാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ബല്ലഭിന്റെ ‘കുറ്റസമ്മതം’. അസ്ഹറുദ്ദീൻ ഖാന്റെ ധീരതയെ പശ്ചിമ ബംഗാൾ പൊലീസ് ട്വിറ്റർ പേജിലൂടെ അനുമോദിച്ചു. നിരവധി പേരാണ് സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും പങ്കുവെച്ച് അഭിനന്ദനവുമായി എത്തുന്നത്. 

Tags:    
News Summary - DSP surrendered the man who held the students at gunpoint at the risk of his life; The video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.