ന്യൂഡൽഹി: സത്യം കണ്ടെത്താൻ ഭരണകൂടത്തെ മാത്രം ആശ്രയിക്കരുതെന്നും ജനജാഗ്രതയും പങ്കാളിത്തവും ജനാധിപത്യത്തിൽ പ്രധാനമാണെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഏകാധിപത്യ സർക്കാറുകൾ മേധാവിത്വം നിലനിർത്താൻ നിരന്തരം കള്ളങ്ങളെ ആശ്രയിക്കുന്നു.
ഭരണകൂടത്തിെൻറ നുണകൾ പുറത്തുകൊണ്ടുവരേണ്ടതും പൊതുസ്ഥാപനങ്ങൾ ശക്തിപ്പെടുത്തേണ്ടതും പൗരെൻറ കടമയാണ്. തന്നേക്കാൾ കൂടുതൽ ബലവാന്മാരോട് സത്യം വിളിച്ചു പറഞ്ഞ് വിമർശിക്കാൻ ജനങ്ങൾക്കുള്ള അവകാശം ജനാധിപത്യം ഫലപ്രദമാകുന്നതിൽ പ്രധാനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഒരു ഓൺലൈൻ പരിപാടിയിൽ പറഞ്ഞു. കോവിഡ് സാഹചര്യങ്ങളിൽ ലോകമെങ്ങുമുള്ള രാജ്യങ്ങൾ കണക്കുകളിൽ കൃത്രിമം കാട്ടുന്ന പ്രവണത വർധിക്കുകയാണ്.
അതുകൊണ്ട് സത്യം ഏതെന്നു തിരിച്ചറിയാൻ ഭരണകൂടത്തെ മാത്രം ആശ്രയിച്ചാൽ പോരാ. അവകാശവാദങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യവും സത്യവും തോളോടുതോൾ ചേർന്നുനിൽക്കുന്നതാണ്. സത്യം ജനാധിപത്യത്തിെൻറ നിലനിൽപിൽ പ്രധാനമാണ്. കള്ളം പൊളിക്കേണ്ട കടമ ജനങ്ങൾക്കുണ്ട്. ജനാധിപത്യ രാജ്യങ്ങളിൽ പോലും ഭരണകൂടം രാഷ്ട്രീയ കാരണങ്ങൾക്കുവേണ്ടി കള്ളത്തരം കാട്ടില്ലെന്ന് പറഞ്ഞുകൂടാ.
പെൻഗൺ പേപ്പറുകൾ പുറത്തുവരുന്നതുവരെ വിയറ്റ്നാം യുദ്ധത്തിൽ യു.എസിെൻറ പങ്ക് പുറത്തുവന്നിരുന്നില്ല. സത്യാനന്തര ലോകത്ത് സത്യത്തെക്കുറിച്ച് ജനങ്ങൾ ആകുലപ്പെടുന്നില്ലെന്നതാണ് മറ്റൊരു പ്രതിഭാസം. നമ്മുടെ സത്യവും അവരുടെ സത്യവുമെന്ന നിലയിൽ മത്സരം നടക്കുന്നു. സത്യത്തെക്കുറിച്ച തെൻറ കാഴ്ചപ്പാടിനോടു ചേർന്നുനിൽക്കാത്ത യഥാർഥ സത്യത്തെ അവഗണിക്കുന്ന പ്രവണതയുമുണ്ട്. നാം സത്യാനന്തര ലോകത്താണ്. സമൂഹമാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഒപ്പം പൗരന്മാർക്കും ഉത്തരവാദിത്തമുണ്ട്. സാമൂഹിക, സാമ്പത്തിക, സാമുദായികതലത്തിൽ കൂടുതൽ ഭിന്നിക്കപ്പെട്ട ഒരു ലോകത്താണ് നാം ജീവിക്കുന്നത്.
നമ്മുടെ വിശ്വാസങ്ങളുമായി ചേർന്നുനിൽക്കുന്ന പത്രങ്ങളാണ് നാം വായിക്കുക. നമ്മുടെ ചിന്താധാരക്കൊപ്പമല്ലാത്ത ആളുകളുടെ പുസ്തകങ്ങൾ അവഗണിക്കുന്നു. മറ്റൊരഭിപ്രായം ഒരാൾ പറയുന്ന സമയത്ത് ടി.വി നിശ്ശബ്ദമാക്കുന്നു. യഥാർഥത്തിൽ ശരിയുടെ കാര്യത്തിലെന്ന പോലെ സത്യത്തെയും നാം ശ്രദ്ധിക്കുന്നില്ല -ചന്ദ്രചൂഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.