വിഘടനവാദത്തിന് കനേഡിയൻ രാഷ്ട്രീയത്തിൽ ഇടം നൽകുന്നു; ട്രൂഡോക്ക് മറുപടിയുമായി എസ്. ജയശങ്കർ

ലണ്ടൻ: നിജ്ജറിന്‍റെ വധവുമായി ബന്ധപ്പെട്ട ക​നേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. നിജ്ജറിന്‍റെ വധം സംബന്ധിച്ച് കാനഡ തെളിവുകൾ നൽകിയിട്ടില്ലെന്ന് ജയ്ശങ്കർ പറഞ്ഞു. മാധ്യമപ്രവർത്തകൻ ലയണൽ ബാർബറുമായി നടത്തിയ സംവാദത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിജ്ജർ വധത്തിൽ ഇന്ത്യയുടെ പങ്ക് തെളിയിക്കാനുള്ള ഒരു തെളിവുമില്ല. നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയപ്പോൾ കാനഡ നടപടി സ്വീകരിച്ചില്ല. അഭിപ്രായ സ്വാതന്ത്ര്യം കാനഡയിൽ ദുരുപയോഗം ചെയ്യപ്പെടുന്നു. അന്വേഷണത്തെ തള്ളുന്നില്ലെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.

അക്രമപരവും തീവ്രവുമായ രാഷ്ട്രീയ അഭിപ്രായങ്ങളിലൂടെ ഇന്ത്യയിൽ നിന്നുള്ള വിഘടനവാദത്തിന് കനേഡിയൻ രാഷ്ട്രീയം ഇടം നൽകിയതായി തോന്നുന്നു. ഇത്തരം ആളുകൾക്ക് കനേഡിയൻ രാഷ്ട്രീയത്തിൽ അവസരം നൽകിയിട്ടുണ്ടെന്നും എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി.

സിഖ്​ വിഘടനവാദി നേതാവും ഭീകര സംഘടന ഖലിസ്ഥാൻ ടൈഗർ ഫോഴ്​സ്​ അധ്യക്ഷനുമായ ഹർദീപ്​ സിങ്​ നിജ്ജറിന്‍റെ വധവുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്ന കാനഡ മതിയായ തെളിവ് നൽകണം. ഇന്ത്യക്കെതിരായ ആരോപണം തെളിയിക്കാനുള്ള ശക്തമായ തെളിവുകൾ കാനഡയുടെയോ അവരുടെ സഖ്യകക്ഷികളുടെയോ കൈവശമില്ല. അന്വേഷണത്തിന്‍റെ അന്തിമ ഫലം എന്താണ്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയും ഇന്ത്യൻ ഏജന്‍റുമാണെന്ന് ക​നേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരംഭിച്ചതോടെ അന്വേഷണത്തെ അട്ടിമറിച്ചെന്നും കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷണർ സഞ്ജയ് കുമാർ വർമ ചൂണ്ടിക്കാട്ടിയത്.

സെപ്​റ്റംബർ 18ലെ നിജ്ജറിന്‍റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണവും അതേച്ചൊല്ലി കൈക്കൊണ്ട നടപടികളും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. കൊലയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനു പങ്കുണ്ടെന്ന്​ ആരോപിച്ച്​ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് പിന്നാലെ കാനേഡിയൻ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചു.

1997ൽ കാനഡയിലേക്ക് കുടിയേറിയ പഞ്ചാബ്​ ജലന്ധർ ജില്ലയി​ലെ ഭർസിങ്​പുര സ്വദേശിയായ ഹർദീപ്​ സിങ്​ നിജ്ജർ കാനഡയിലെ ബ്രിട്ടീഷ്​ കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക്​ സിഖ്​ ഗുരുദ്വാര മാനേജിങ്​ കമ്മിറ്റി അധ്യക്ഷനായിരുന്നു. സ്വതന്ത്ര സിഖ്​ രാഷ്ട്രത്തിന്‍റെ വക്താവായ ഇയാളെ 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചു.

Tags:    
News Summary - EAM Jaishankar asks Canada to share evidence on India's alleged link in Nijjar killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.