ഹൈദരാബാദ്: നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഒരുങ്ങുന്നതായി റിപ്പോർട്ട്. ഞായറാഴ്ചത്തെ മന്ത്രിസഭ യോഗത്തിനു ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ മകനും സംസ്ഥാന െഎ.ടി മന്ത്രിയുമായ കെ.ടി. രാമറാവു മാധ്യമങ്ങൾക്ക് സൂചന നൽകി.
2019 മേയ് വരെ കാലാവധിയുള്ള നിയമസഭയാണ് പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ഡിസംബറിൽ നാലു സംസ്ഥാനങ്ങൾക്കൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പിനാണ് ആലോചന. ‘‘ഞങ്ങളുടെ പാർട്ടി നേതാവ് വളരെ സുപ്രധാനമായൊരു രാഷ്ട്രീയ പ്രഖ്യാപനം ഉടൻ നടത്തും. ഇതോടെ സംസ്ഥാനത്തിെൻറ രാഷ്ട്രീയ സാഹചര്യം ചൂടുപിടിക്കും’’ -രാമറാവു മാധ്യമങ്ങളോട് പറഞ്ഞു.
തെലങ്കാന സംസ്ഥാന രൂപവത്കരണത്തിെൻറ നാലാം വാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച വൻ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. മുൻ വർഷങ്ങളിലെ വികസന നേട്ടം ജനങ്ങളിലെത്തിക്കാനാണ് ഭരണകക്ഷിയായ ടി.ആർ.എസ് സമ്മേളനം വിളിച്ചുകൂട്ടിയത്. ഇതിൽ നിയമസഭ പിരിച്ചുവിടുന്ന പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ശ്രമം.
ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ െപാതുസമ്മേളനമാണ് നടക്കുകയെന്നാണ് പാർട്ടിയുടെ അവകാശവാദം. ഇതിനായി 2000 ഏക്കർ സ്ഥലത്താണ് സൗകര്യമൊരുക്കിയത്. അതിനിടെ, ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും സംസ്ഥാനത്തെ പാർട്ടി നേതാക്കൾക്ക് തെരഞ്ഞെടുപ്പിനൊരുങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചുനീങ്ങുന്ന സാഹചര്യം ഭരണകക്ഷിയെ ഭയപ്പാടിലാക്കിയതായും അതാണ് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ശ്രമിക്കുന്നതിെൻറ പിന്നിലെന്നും തെലങ്കാന കോൺഗ്രസ് പ്രസിഡൻറ് ഉത്തംകുമാർ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.