മുംബൈ: മത്സ്യം കഴിക്കുന്നതിനെയും നടി ഐശ്വര്യാ റായ് ബച്ചന്‍റെ കണ്ണുകളെയും ഉപമിച്ച് വിവാദത്തിലകപ്പെട്ട് മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി. ഐശ്വര്യ റായ് ദിവസും മത്സ്യം കഴിക്കുമെന്നും നിങ്ങൾ മത്സ്യം കഴിച്ചാൽ അതുപോലെ കണ്ണുകളുണ്ടാകുമെന്നുമാണ് മഹാരാഷ്ട്ര മന്ത്രി വിജയ്കുമാർ ഗാവിത് പറഞ്ഞത്.
‘ദിവസേന മത്സ്യം കഴിക്കുന്നവർക്ക് മിനുസമാർന്ന ചർമ്മം ഉണ്ടാകും. അവരുടെ കണ്ണുകൾ തിളങ്ങും. നിങ്ങളെ നോക്കുന്ന വ്യക്തി നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഞാൻ നിങ്ങളോട് ഐശ്വര്യ റായിയെക്കുറിച്ച് പറഞ്ഞോ? അവർ മംഗളൂരുവിലെ കടൽത്തീരത്താണ് താമസിച്ചിരുന്നത്. അവർ ദിവസവും മത്സ്യം കഴിക്കും. അവരുടെ കണ്ണുകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? നിങ്ങൾക്കും അവരെപ്പോലുള്ള കണ്ണുകൾ ഉണ്ടാകും’ -എന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.
നന്ദർബാർ ജില്ലയിൽ നടന്ന പൊതുപരിപാടിയിലാണ് ബി.ജെ.പി നേതാവിന്‍റെ പരാമർശം ഉണ്ടായത്. പ്രസംഗത്തിന്‍റെ ഈ ഭാഗം സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. മന്ത്രിയെ പരിഹസിച്ചും പ്രസ്താവനക്കെതിരെയും നിരവധി പേരാണ് രംഗത്തുവന്നത്.
മഹാരാഷ്ട്രയുടെ ആദിവാസി വികസന മന്ത്രിയാണ് 68കാരനായ വിജയ്കുമാർ ഗാവിത്. ഇത്തരം കാര്യങ്ങൾ പറയുന്നതിന് പകരം മന്ത്രി ആദിവാസികളുടെ ക്ഷേമ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് എൻ.സി.പിയുടെ നിയമസഭാംഗം അമോൽ മിത്കരി പറഞ്ഞു.
അതിനിടെ, താൻ ദിവസവും മത്സ്യം കഴിക്കുന്നുണ്ടെന്നും തന്‍റെ കണ്ണും ഐശ്വര്യ റായിയുടേത് പോലെ ആകണമല്ലോയെന്നും ചോദിച്ച് ബി.ജെ.പി എം.എൽ.എ നിതേഷ് റാണ രംഗത്തെത്തി. ഇക്കാര്യത്തിൽ വല്ല ഗവേഷണ ഫലവും ഉണ്ടോ എന്ന് താൻ മന്ത്രിയോട് ചോദിക്കുമെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.