ന്യൂഡൽഹി: അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ തുടരുമ്പോഴും രാജ്യത്തെ തൊഴിൽ പ്രതിസന്ധിയുടെ കണക്കുകൾ പുറത്ത്. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ കേന്ദ്രസർക്കാർ ജോലിക്ക് മാത്രം 22 കോടി പേർ അപേക്ഷിച്ചുവെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകും. ഇതിൽ 7.22 ലക്ഷം പേർക്ക് മാത്രമാണ് ജോലി കിട്ടിയത്. അപേക്ഷിച്ചിട്ടും ജോലി കിട്ടാത്ത പലരും അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ തൊഴിൽ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് കണക്കുകൾ.
അതുപോലെ സ്വകാര്യ മേഖലയോട് രാജ്യത്തെ യുവാക്കൾക്ക് വലിയ താൽപര്യമില്ല. സ്വകാര്യ മേഖല വളരുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും സർക്കാർ ജോലികളോടുള്ള യുവാക്കളുടെ താൽപര്യത്തിന് പിന്നിൽ സാമൂഹികവും സാമ്പത്തികവുമായ ചില ആശങ്കകളാണെന്ന് വിദഗ്ധർ പറയുന്നു. സ്വകാര്യമേഖലയിലെ ജോലികളിൽ സുരക്ഷിതത്വമില്ലാത്തത് സർക്കാർ ജോലി തേടി പോകാൻ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്.സർക്കാർ ജോലി ലഭിച്ചാൽ കുടുംബം സുരക്ഷിതമായെന്നാണ് ഇന്ത്യയിലെ ഭൂരിപക്ഷം യുവാക്കളും കരുതുന്നതെന്ന് ഉദ്യോഗാർഥികൾക്ക് പരീക്ഷകൾക്ക് പരിശീലനം നൽകുന്നവർ പറയുന്നു.
2014ൽ ഇന്ത്യയുടെ ജി.ഡി.പി രണ്ട് ട്രില്യൺ ഡോളറായിരുന്നു. ഇത് ഇപ്പോൾ 3.5 ട്രില്യൺ ഡോളറിലേക്ക് എത്തി. എന്നിട്ടും ജോലികൾക്കായി ആളുകൾ സർക്കാറിനെയാണ് ആശ്രയിക്കുന്നത്. സർക്കാർ ജോലിയിൽ വീട്, ആരോഗ്യസുരക്ഷ, പെൻഷൻ തുടങ്ങി ജീവിതകാലം മുഴുവൻ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ, സ്വകാര്യ ജോലിയിൽ ഇതൊന്നുമുണ്ടാവില്ല.പക്ഷേ, സർക്കാർ മേഖലയിൽ ആവശ്യത്തിന് തൊഴിൽ നൽകാൻ സർക്കാറിന് സാധിക്കുന്നുമില്ല.
അതേസമയം, രാജ്യത്ത് ഉയരുന്ന തൊഴിലില്ലായ്മയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിയിലേക്ക് നയിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. മുൻ തെരഞ്ഞെടുപ്പുകളിലെ പോലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇത്തരം വിലയിരുത്തലുകൾ പുറത്ത് വന്നത്. ഇത് മുന്നിൽ കണ്ട് ഈ ബജറ്റിൽ തൊഴിൽ സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.