കോവിഡ് മരണങ്ങൾ ഇന്ത്യ മറച്ചുവെച്ചു; 2020ൽ സർക്കാർ കണക്കിനേക്കാൾ എട്ടിരട്ടി പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം

ന്യൂഡൽഹി: കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകൾ ഇന്ത്യ മറച്ചുവെച്ചുവെന്ന സൂചനകളുമായി പഠന റിപ്പോർട്ട്. 2020ൽ സർക്കാർ പുറത്തുവിട്ടതിനേക്കാൾ എട്ടിരട്ടി പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പറയുന്നത്.

കോവിഡിന്റെ തുടക്കത്തിൽ ലോകം മുഴുവൻ വലിയ രീതിയിൽ പ്രതിസന്ധിയുണ്ടായപ്പോഴും കർശന ലോക്ഡൗണിലൂടെ രോഗബാധയെ തുടർന്നുള്ള മരണങ്ങളെ ഒരു പരിധി വരെ കുറക്കാൻ സാധിച്ചുവെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. എന്നാൽ, ഇത്തരം വാദങ്ങളെ അപ്പാടെ നിരാകരിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള ജനസംഖ്യശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും ചേർന്നാണ് പഠന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം 2020 1.19 മില്യൺ ആളുകളെങ്കിലും ഇന്ത്യയിൽ കോവിഡ് മൂലം അധികം മരിച്ചിരിക്കാമെന്നാണ് പറയുന്നത്. 1,48,738 പേർ മാത്രമാണ് കോവിഡ് മൂലം ഇന്ത്യയിൽ 2020ൽ മരിച്ചതെന്നായിരുന്നു സർക്കാറിന്റെ ഔദ്യോഗിക കണക്കുകൾ.

ഇന്ത്യ സർക്കാറിന്റെ 2019-21 കാലയളവിലെ ഫാമിലി ഹെൽത്ത് സർവേ, ഹെൽത്ത് ആൻഡ് വെൽഫെയർ റിപ്പോർട്ട്, ലോകാരോഗ്യ സംഘടനയുടെ വിവരങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

2019 നും 2020 നും ഇടയിൽ ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തിൽ 2.6 വർഷത്തെ നഷ്ടം സംഭവിച്ചതായും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‍ലിംകളും പട്ടികവർഗവിഭാഗങ്ങളും പോലുള്ള സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ (2.1 വർഷം) സ്ത്രീകളിലാണ് (3.1 വർഷം) ആയുർദൈർഘ്യം കൂടുതൽ കുറഞ്ഞത്.

Tags:    
News Summary - India’s hidden COVID deaths: Was the toll in 2020 eight times higher?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.