ന്യൂഡല്‍ഹി: സാമ്പത്തികമാന്ദ്യവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിെൻറ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ബി.ജെ.പി. മോദി ഭരണത്തില്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ സുസ്ഥിരമാണെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. മന്മോഹന് സിങ് സാമ്പത്തിക വിദഗ്ധനായിരുന്നു. എന്നാല്‍, അദ്ദേഹത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ അദ്ദേഹത്തെ കളിപ്പാവയാക്കി. സാമ്പത്തികരംഗം മെച്ചപ്പെടുത്താന്‍ അദ്ദേഹം എന്തു നടപടിയാണ് സ്വീകരിച്ചത്.
മോദിയുടെ സാമ്പത്തികനയത്തിെൻറ ഫലമായി ലോകത്തെ ശക്തമായ അഞ്ചു സമ്പദ്വ്യവസ്ഥകളില് ഒന്നായി ഇന്ത്യ മാറി. മോദി സര്‍ക്കാര്‍ ആറു വര്‍ഷംകൊണ്ട് സമ്പദ്വ്യവസ്ഥക്ക് ശക്തമായ അടിത്തറയിട്ടു. ചരക്കുസേവന നികുതിയിലൂടെയും നികുതി പരിഷ്കരണങ്ങളിലൂടെയുമാണ് ഇത്. ആഗോള സാമ്പത്തികമാന്ദ്യത്തിനിടെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമാണ്. മോദി അധികാരത്തിലുണ്ടെങ്കില്‍ എന്തും സാധ്യമാണെന്ന ചിന്തയാണ് ഇന്നുള്ളത്. ലോകം സാമ്പത്തികമാന്ദ്യം നേരിടുകയാണ്. എന്നാല്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച നിലയിലാണ്. ശക്തമായ അടിത്തറയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കുള്ളത് -വക്താവ് അവകാശപ്പെട്ടു.
രാജ്യത്തിെൻറ സാമ്പത്തികസ്ഥിതി ആശങ്കജനകമാണെന്ന് മന്മോഹന് സിങ് ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യനിര്‍മിത ദുരന്തത്തില്‍നിന്ന് രാജ്യത്തെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികാരരാഷ്ട്രീയം മാറ്റിെവച്ച് സുചിന്തിത നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ലെന്ന അവകാശവാദവുമായി ധനമന്ത്രി നിര്‍മല സീതാരാമന് രംഗത്തെത്തി. മന്മോഹെൻറ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.