ഇ.ഡി അറസ്റ്റുചെയ്ത പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലികിനെ കോടതിയിലേക്ക് കൊണ്ടുപോകുന്നു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി ജ്യോതിപ്രിയ മല്ലികിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തു. 18 മണിക്കൂർ ചോദ്യം ചെയ്തശേഷം വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്. കൊൽക്കത്ത സാൾട്ട് ലേക്കിലെ വസതിയിൽനിന്നും പുലർച്ചെ 3.30ന് മന്ത്രിയെ ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോയി. പിന്നീട് കോടതിയിൽ ഹാജരാക്കി. വാദംകേൾക്കുന്നതിനിടെ മന്ത്രി കുഴഞ്ഞുവീണു. കോടതി തിങ്ങിനിറഞ്ഞ നിലയിലായിരുന്നു. ഇദ്ദേഹത്തെ പിന്നീട് കോടതിയിലെ ബാൽക്കണിയിലേക്ക് കൊണ്ടുപോയി കുടിക്കാൻ വെള്ളം കൊടുത്തു. മല്ലികിനെ കോടതി പത്തുദിവസം ഇ.ഡി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പ്രമേഹം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ മന്ത്രിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. മന്ത്രി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. താൻ വൻ ഗൂഢാലോചനയുടെ ഇരയാണെന്ന് മന്ത്രി പ്രതികരിച്ചു. ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയാണ് ഇതിന് നേതൃത്വം നൽകിയതെന്നും ഇപ്പോൾ വനം മന്ത്രിയായ മല്ലിക് പറഞ്ഞു. ഇദ്ദേഹം ഭക്ഷ്യ വിതരണ മന്ത്രിയായിരുന്ന കാലത്താണ് കേസിനാസ്പദ സംഭവം. കേസിൽ മന്ത്രിയുടെ വിശ്വസ്തൻ ബകീബുർ റഹ്മാനെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്തേക്കും.
തൃണമൂൽ മന്ത്രിസഭയിലെ രണ്ടാമത്തെ ആളെയാണ് ഇ.ഡി അറസ്റ്റു ചെയ്യുന്നത്. കഴിഞ്ഞ വർഷം മുൻ മന്ത്രി പാർഥ ചാറ്റർജി സ്കൂൾ ജോലി തട്ടിപ്പുകേസിൽ അറസ്റ്റിലായിരുന്നു. ഇ.ഡി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചത്. 66കാരനായ മല്ലിക് തൃണമൂൽ സ്ഥാപക നേതാക്കളിലൊരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.