ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മുൻ സി.പി.എം എം.എൽ.എ ദേബേന്ദ്രനാഥ് ബിശ്വാസ് തുടങ്ങിയവരുടേതടക്കം ആറുകോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 3.30 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും മൂന്നു കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ശാരദ ഗ്രൂപ്പിന്റെയും തട്ടിപ്പിലെ ഗുണഭോക്താക്കളായ നളിനി ചിദംബരം, ദേബബ്രത സർക്കാർ (ഈസ്റ്റ് ബംഗാൾ ക്ലബ് ഉദ്യോഗസ്ഥൻ), ദേബേന്ദ്രനാഥ് ബിശ്വാസ് (മുൻ ഐ.പി.എസ് ഓഫിസറും മുൻ സി.പി.എം എം.എൽ.എയും), അസം മുൻ കാബിനറ്റ് മന്ത്രിയായിരുന്ന പരേതനായ അഞ്ജൻ ദത്തയുടെ അനുഭൂതി പ്രിന്റേഴ്സ് ആൻഡ് പബ്ലിക്കേഷൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്വത്തെന്ന് കണ്ടുകെട്ടൽ ഉത്തരവിൽ പറയുന്നു.
പശ്ചിമ ബംഗാൾ, അസം, ഒഡിഷ എന്നിവിടങ്ങളിൽ 2013 വരെ ശാരദ ഗ്രൂപ് നടത്തിയ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്. 2,459 കോടി രൂപ ചിട്ടിയിലൂടെ സമാഹരിച്ച കമ്പനി 1,983 കോടി രൂപ നിക്ഷേപകർക്ക് മടക്കി നൽകാനുണ്ട്. പലിശ ഇതിനുപുറമെയാണ്. കേസിൽ ഇതുവരെ 600 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.