ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച 2.69 കോടി രൂപ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നും വിദേശ സംഭാവന നിയമം ലംഘിച്ചെന്നുമാണ് കേസ്. ഒക്ടോബർ 12ന് യു.പിയിലെ ഗാസിയാബാദിലുള്ള പ്രത്യേക കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.
2020 ഏപ്രിൽ മുതൽ ഓൺലൈൻ ധനസമാഹരണ സൈറ്റായ 'കെറ്റോ' വഴി മൂന്നുതവണ റാണ ധനസമാഹരണ കാമ്പയിൻ നടത്തി 2,69,44,680 രൂപ ശേഖരിച്ചതായി ഇ.ഡി പറയുന്നു. കോവിഡ് കാലത്ത് ദുരിതമനുഭവിച്ച അസം, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ സഹായപ്രവർത്തനങ്ങൾക്കും ചേരികളിലുള്ളവർക്കും കൃഷിക്കാർക്കും വേണ്ടിയുമായിരുന്നു പണം ശേഖരിച്ചത്.
പണം വന്നത് റാണയുടെ പിതാവിന്റെയും സഹോദരിയുടെയും അക്കൗണ്ടുകളിലേക്കാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇത് പിന്നീട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഇതിൽ നിന്ന് 50 ലക്ഷം റാണ സ്ഥിരനിക്ഷേപമാക്കി. 50 ലക്ഷം പുതിയ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.
29 ലക്ഷം മാത്രമാണ് സേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. സേവന പ്രവർത്തനങ്ങളുടെ ചെലവ് കൂട്ടിക്കാണിക്കാൻ വ്യാജ ബില്ലുകൾ സമർപ്പിച്ചെന്നും റാണയുടെ ബാങ്ക് അക്കൗണ്ടിൽ ശേഷിക്കുന്ന 1,77,27,704 രൂപ കണ്ടുകെട്ടിയതായും ഇ.ഡി അറിയിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ റാണ നേരത്തേ നിഷേധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.