ചെന്നൈ: മധുരയിലെ ഇ.ഡി ഓഫിസിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനക്കെതിരെ തമിഴ്നാട് പൊലീസിൽ പരാതി നൽകി ഇ.ഡി. വിജിലൻസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി തിരച്ചിൽ നടത്തിയെന്നാരോപിച്ചാണ് പരാതി. അനധികൃത വ്യക്തികൾ ഓഫീസ് വളപ്പിൽ കയറി സെൻസിറ്റീവ് കേസ് രേഖകൾ മോഷ്ടിച്ചുവെന്നും ഇ.ഡി ആരോപിച്ചു.
അറസ്റ്റിലായ എൻഫോഴ്‌സ്‌മെന്റ് ഓഫിസർ അങ്കിത് തിവാരിയുടെ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫയലുകളും വിജിലൻസ് പരിശോധിച്ചതായും യൂനിഫോമോ ബാഡ്ജോ ഇല്ലാതെയാണ് സംഘം പരിശോധനക്കെത്തിയതെന്നും ഇ.ഡി വ്യക്തമാക്കി. ക്രിമിനൽ അതിക്രമവും ക്രിമിനൽ ഭീഷണിയും ഉൾപ്പെടെയുള്ള ഐ.പി.സി വകുപ്പുകൾ ഇവർക്കെതിരെ ചുമത്തണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.
തമിഴ്നാട്ടിൽ ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഇ.ഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിയെ വിജിലൻസ് പിടികൂടിയിരുന്നു. തിവാരിയിൽനിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തതായി തമിഴ്നാട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറേറ്റ് (ഡി.വി.എ.സി) വൃത്തങ്ങൾ അറിയിച്ചു. ഇയാൾ ജോലി ചെയ്യുന്ന മധുരയിലെ ഇ.ഡി ഓഫിസിലും ഇയാളുടെ വീട്ടിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.