കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പലിന്റെയും സഹായികളുടെയും വീട് റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)
മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ ബെലിയാഘട്ടയിലെ വസതിയിലും സഹായികളുടെ ഹൗറയിലെയും സുഭാഷ്ഗ്രാമിലെയും വീടുകളിലുമാണ് റെയ്ഡ് നടത്തിയയെതന്ന് ഇ.ഡി. ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു.
നിലവിൽ ഇവർ സി.ബി.ഐ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. സർക്കാർ ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സി.ബി.ഐക്ക് കൈമാറാൻ ഓഗസ്റ്റ് 23ന് കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടിരുന്നു.
സന്ദീപ് ഘോഷ് പ്രിൻസിപ്പലായിരുന്ന കാലത്ത് നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ആർ.ജി.കാർ ഹോസ്പിറ്റൽ മുൻ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അക്തർ അലി നൽകിയ അപേക്ഷയെ തുടർന്നാണ് കോടതി തീരുമാനം.
സന്ദീപ് ഘോഷ് 2021 ഫെബ്രുവരി മുതൽ സെപ്റ്റംബർ 2023 വരെയാണ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചത്. ആർ.ജി കാർ ആശുപത്രിയിലെ അഴിമതിക്ക് ഡോക്ടറുടെ മരണവുമായി ബന്ധമുണ്ടെന്ന് ഡോക്ടർ അലി ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.