കോയമ്പത്തൂർ: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്‍റിയാഗോ മാർട്ടിന്‍റെ കോയമ്പത്തൂരിലെ വീട്ടിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. കോയമ്പത്തൂർ ജില്ലയിലെ തുടിയല്ലൂർ വെള്ളക്കിണറിലെ മാർട്ടിന്‍റെ ബംഗ്ലാവിലും ഇദ്ദേഹത്തിന്‍റെ ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിലും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കോർപറേറ്റ് ഓഫിസിലുമാണ് പരിശോധന നടന്നത്. ചെന്നൈ പോയസ്ഗാർഡനിലെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു.
ലോട്ടറി വിൽപനയിൽ ചട്ടങ്ങൾ ലംഘിച്ച് 910 കോടി രൂപ സമ്പാദിച്ചെന്നും അനധികൃത പണമിടപാട് നടത്തിയെന്നും ആരോപിച്ച് മാർട്ടിനെതിരെ കൊച്ചി എൻഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിരുന്നു. ഇതേതുടർന്ന് ഏപ്രിൽ 25ന് മാർട്ടിന്‍റെ മരുമകൻ ആദവ് അർജുന്‍റെ ഓഫിസിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. കഴിഞ്ഞ ജൂണിൽ 173 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് വകുപ്പ് മരവിപ്പിച്ചിരുന്നു.
തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ലോട്ടറി വിൽപന നിരോധിച്ചിട്ടുണ്ടെങ്കിലും സിക്കിം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമവിധേയമായി ലോട്ടറി വിൽപന അനുവദിച്ചിട്ടുണ്ട്. മാർട്ടിനാണ് ഈ ലോട്ടറി വിൽപനയിൽ പ്രധാന പങ്ക് വഹിക്കുന്നത്. റെയ്ഡിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.