ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ ചോദ്യം ചെയ്യാനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്(ഇ.ഡി) ഡൽഹി കോടതിയുടെ അനുമതി തേടി.
കള്ളപ്പണം തടയൽ നിയമവുമായി ബന്ധപ്പെട്ട് ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഇ.ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പ്രത്യേക സി.ബി.ഐ കോടതിയിൽ വ്യക്തമാക്കി. ചിദംബരത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ ആവശ്യത്തെ എതിർത്തു.
ഐ.എൻ.എക്സ് മീഡിയ കേസിൽ ആഗസ്റ്റ് 21 മുതൽ ചിദംബരം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കസ്റ്റഡി കാലാവധി ഈ മാസം17ന് അവസാനിക്കും. ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും തുടങ്ങിയ െഎ.എൻ.എക്സ് മീഡിയക്ക് വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുന്നതിന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം സഹായിച്ചുവെന്നാണ് അദ്ദേഹത്തിനെതിരായ കേസ്.
ചിദംബരത്തിന്‍റെ മകൻ കാർത്തിയുടെ കമ്പനിക്ക് വിദേശ പണം വാങ്ങിയാണ് െഎ.എൻ.എക്സിന് അനുമതി നൽകിയതെന്നാണ് മൊഴി. ഇന്ദ്രാണി കുറ്റസമ്മത മൊഴി നൽകി മാപ്പുസാക്ഷിയായതിന് പിന്നാലെയാണ് ചിദംബരം അറസ്റ്റിലായത്. മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ഇന്ദ്രാണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.