ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ല എം.പിക്ക് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നോട്ടീസ്. കേസിൽ 2022ൽ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിലെ ഫണ്ട്, അസോസിയേഷനുമായി ബന്ധമില്ലാത്ത നിരവധി അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. കാരണം വ്യക്തമാക്കാതെ പണം പിൻവലിച്ചിട്ടുമുണ്ട്. 2018ൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിന് പിന്നാലെയാണ് ഇ.ഡി കേസ് ഫയൽ ചെയ്തത്.
വ്യാഴാഴ്ച ശ്രീനഗറിലെ ഇ.ഡി ഓഫിസിൽ ഹാജരാകണമെന്നാണ് ഫാറൂഖ് അബ്ദുല്ലയോട് നിർദേശിച്ചിരിക്കുന്നത്. ഇ.ഡി കുറ്റപത്രത്തിൽ ഫാറൂഖ് അബ്ദുല്ലക്ക് പുറമെ അന്നത്തെ ജെ.കെ.സി.എ അംഗങ്ങളായ അഹ്‌സൻ അഹമ്മദ് മിർസ, മിർ മൻസൂർ ഗസൻഫർ എന്നിവരെയും പ്രതിചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.