ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രിയുടെ ഫോൺ വഴി ലോക്സഭ തെരഞ്ഞെടുപ്പിലെ എ.എ.പിയുടെ രാഷ്ട്രീയ തന്ത്രം മനസിലാക്കാനാണ് കേന്ദ്രത്തിന്റെ തന്ത്രമെന്നും ആരോപിച്ച് മന്ത്രി അതിഷി. എ.എ.പി ദേശീയ കൺവീനറായ അരവിന്ദ് കെജ്രിവാളിനെ മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസിൽ ബി.ജെ.പി അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നു വരെ ഇ.ഡി കസ്റ്റഡിയിലാണ് കെജ്‍രിവാൾ.
ഏതാനും മാസങ്ങൾക്കു മുമ്പ് മാത്രം വാങ്ങിയതാണ് കെജ്രിവാളിന്റെ ഫോൺ. മദ്യനയം രൂപീകരിച്ച സമയത്ത് അദ്ദേഹം മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ആ നിലക്ക് ഇപ്പോൾ ഇ.ഡി കെജ്രിവാളിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരിക്കുന്നത് ബി.ജെ.പി അവരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റി എന്നതിന്റെ തെളിവാണെന്നും അതിഷി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കെജ്രിവാളിന്റെ ഫോണിൽ എന്താണ് ഉള്ളത് എന്ന് യഥാർഥത്തിൽ അറിയേണ്ടത് ഇ.ഡിക്കല്ല, ബി.ജെ.പിക്കാണെന്നും അവർ പറഞ്ഞു.
2021-22 കാലത്താണ് ഡൽഹി മദ്യ നയം രൂപീകരിച്ചത്. എന്നാൽ ആ സമയത്ത് ഉപയോഗിച്ച ഫോണല്ല ഇപ്പോൾ കെജ്രിവാളിന്റെ കൈയിലുള്ളത്. അന്നത്തെ ഫോൺ ലഭ്യമല്ലാത്തതിനാലാണ് കെജ്രിവാൾ ഇപ്പോൾ ഉപയോഗിക്കുന്ന ഫോൺ പരിശോധിക്കുന്നത് എന്നാണ് ഇ.ഡി വാദം. അതിന്റെ പാസ് വേഡ് എന്താണെന്ന് ഇ.ഡി ഉദ്യോഗസ്ഥർ കെജ്രിവാളിനോട് ചോദിച്ചിരുന്നു. അതിനർഥം ലോക്സഭ തെരഞ്ഞെടുപ്പിൽ എ.എ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളും പ്രചാരണ പരിപാടികളും ഇൻഡ്യ സഖ്യത്തിലെ നേതാക്കളുമായുള്ള സംഭാഷണങ്ങളും എന്താണെന്ന് മനസിലാക്കുകയാണ്.-അതിഷി ചൂണ്ടിക്കാട്ടി. വിവാദമുയർന്നതോടെ 2021-22ലെ മദ്യനയം എ.എ.പി സർക്കാർ റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.