ന്യൂഡൽഹി: രാജ്യം നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ബദൽ ജനകീയ വിദ്യാഭ്യാസനയം ആവിഷ്കരിക്കാൻ ആഹ്വാനവുമായി ദേശീയ വിദ്യാഭ്യാസ സംരക്ഷണ സമ്മേളനം. വിദ്യാഭ്യാസത്തേയും ചരിത്രത്തേയും വീണ്ടെടുക്കാൻ വിദ്യാഭ്യാസ സ്നേഹികൾ ദേശീയതലത്തിൽ ഒന്നിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ചരിത്രകാരൻ ഇർഫാൻ ഹബീബ് പറഞ്ഞു.
ഭാരതീയ ജ്ഞാനവ്യവസ്ഥയെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിദ്യാഭ്യാസത്തെ പരിഷ്കരിക്കാനാണ് പുതിയ വിദ്യാഭ്യാസ നയം ശ്രമിക്കുന്നത്. അറിവിന് രാജ്യാതിർത്തികളില്ലെന്നിരിക്കെ ഇന്ത്യൻ ജ്ഞാനവ്യവസ്ഥ എന്ന സിദ്ധാന്തം അസംബന്ധമാണ്. ചരിത്രമെന്ന പേരിൽ കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയം -2020ന്റെ സ്ഥാനത്ത് ജനാനുകൂല വിദ്യാഭ്യാസ നയം രൂപവത്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡൽഹി അവാനെ ഖാലിബ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രഫ. സച്ചിദാനന്ദ സിൻഹ, പ്രഫ. ധ്രുവജ്യോതി മുഖർജി, ഡോ. ചന്ദ്രശേഖർ ചക്രവർത്തി, ഡോ. എൽ. ജവഹർ നേശൻ, ഡോ. ഫുർഖാൻ ഖമർ, പ്രഫ. ജോർജ് ജോസഫ്, ഡോ. തരുൺകാന്തി നസ്കർ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. ഇ.എൻ. ശാന്തിരാജ്, എം. ഷാജർഖാൻ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള പ്രതിനിധിസംഘം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.