ലഖ്നോ: ഉത്തർപ്രദേശിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ. തലസ്ഥാനമായ ലഖ്നോവിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ഖേരി ജില്ലയിലാണ് സംഭവം.
മണിക്കൂറുകൾക്ക് മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കരിമ്പുപാടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കേറ്റിട്ടുണ്ടായിരുന്നു, അതിനാൽ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് കഴുത്തിൽ കുരുക്ക് മുറുക്കിയിരുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഞായറാഴ്ച രാവിലെ മുത്തശ്ശിയോടൊപ്പം ആടിനെ മേയ്ക്കാൻ വയലിൽ പോയതായിരുന്നു പെൺകുട്ടി. വയലിൽ എത്തിയതോടെ ക്ഷീണം തോന്നിയതിനാൽ പെൺകുട്ടി വീട്ടിലേക്ക് മടങ്ങി. മുത്തശ്ശി ആടിനെ മേയ്ക്കുകയും ചെയ്തു.
ആടുകളുമായി മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് എട്ടുവയസുകാരി വീട്ടിൽ തിരിച്ചെത്തിയില്ലെന്ന വിവരം അറിയുന്നത്. തൊട്ടടുത്ത വീട്ടിലെ വിവാഹത്തിൽ പെങ്കടുക്കാൻ പോയെന്നാണ് ആദ്യം കരുതിയത്. പിന്നീട് അവൾ അവിടെയും എത്തിയിട്ടില്ലെന്ന് മനസിലാകുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്കായി കുടുംബവും നാട്ടുകാരും തിരച്ചിൽ നടത്തി. പ്രദേശത്തെ വയലിൽനിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. അവളുടെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. അവിടെ മുഴുവൻ രക്തം പടർന്നിരുന്നു -പെൺകുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
കുടിയേറ്റ തൊഴിലാളിയായ പെൺകുട്ടിയുടെ പിതാവ് നിലവിൽ യു.പിയിലില്ല. മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് എട്ടുവയസുകാരി.
എട്ടു ഡോക്ടർമാരുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി ഡോക്ടർമാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ ശരീരത്തിലെ പാടുകളുടെ അടിസ്ഥാനത്തിൽ തങ്ങൾ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് തലവൻ വിജയ് ദൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.