പട്ന: ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ വീട്ടിൽ നിന്ന് തട്ടികൊണ്ടുപോയ എട്ട് വയസുകാരനെ 48 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്. വ്യാഴാഴ്ചയായിരുന്നു സംഭവം. യു.പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 25കാരനാണ് കുട്ടിയെ തട്ടികൊണ്ടുപോയത്.
സംഭവം നടന്ന ദിവസം മഴയെ തുടർന്ന് സഹായം ആവശ്യപ്പെട്ട് പ്രതി കുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. കുട്ടിയുടെ അമ്മ അകത്തേക്ക് പോയ സമയം ഇയാൾ കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഉത്തര് പ്രദേശിലെ ഡിയോറിയയിൽ നിന്ന് കുട്ടിയെ രക്ഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരാതി ലഭിച്ച് 48 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടുകയും കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തത്.
യു.പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി കോച്ചിംഗ് ക്ലാസ്സിൽ ചേരുന്നതിനും പഠനോപകരണങ്ങൾ വാങ്ങുന്നതിനും ആവശ്യമായ പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഗോപാൽഗഞ്ച് എസ്പി അവധേഷ് ദീക്ഷിത് പറഞ്ഞു.
അതേസമയം മറ്റൊരു സംഭവത്തിൽ കഴിഞ്ഞ അഞ്ചു ദിവസമായി കാണാതായ 19കാരന്റെ മൃതദേഹം മധുബാനി ജില്ലയിലെ കതയ ഗ്രാമത്തിലെ കുളത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.