മുംബൈ: ശിവസേനയിലെ വിശ്വസ്തർ തനിക്കൊപ്പമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിമത വിഭാഗത്തിന് പണമില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. മുംബൈയിൽ ശിവസേന പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാനായി മഹാരാഷ്ട്രയിലെ ജനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു. പെട്ടിയിൽ പണമില്ലാതെ അവർക്ക് അധിക കാലം വാഴാനാകില്ല. പാർട്ടിയോട് കൂറുള്ള വിശ്വസ്തരും സത്യസന്ധരുമായ അണികൾ ഞങ്ങൾക്കൊപ്പമാണെന്നും ഉദ്ധവ് താക്കറെ ആവർത്തിച്ചു.
കൂറുമാറിയ ഷിൻഡെ വിഭാഗത്തെ അയോഗ്യരാക്കണമെന്ന് കാണിച്ച് ഉദ്ധവ് വിഭാഗം സമർപ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. എം.എൽ.എമാരെ അയോഗ്യരാക്കുന്നതിനെതിരെ ഷിൻഡെയും സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും.
അതേസമയം, ജുഡീഷ്യറിയെ ബഹുമാനിക്കുന്നുവെന്നും കോടതി വിധി എന്തുതന്നെയായാലും കണക്കിലെടുക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു. ഷിൻഡെയും നേതൃത്വത്തിലുള്ള 39 വിമത എം.എൽ.എമാരാണ് ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാൻ കരുക്കൾ നീക്കിയത്. ഉദ്ധവ് സർക്കാർ വീണതിനു പിന്നാലെ ബി.ജെ.പിയുടെ കൂട്ടു പിടിച്ച് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരമേറ്റു. മുതിർന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.