മുംബൈ: മഹാരാഷ്ട്രയിലെ വിമത നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിൻഡെയുടെ അടുത്ത നീക്കം പാർട്ടി പിടിക്കാൻ. ശിവസേനയുടെ അവകാശവാദമാണ് ഇനി മുന്നിലുള്ള തർക്കം. യഥാർഥ ശിവസേനക്കാർ തങ്ങളാണെന്നാണ് ഷിൻഡെ പക്ഷത്തിന്റെ വാദം.
ബാൽതാക്കറെയുടെ പാരമ്പര്യം അവകാശപ്പെടുന്നതിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ട് ട്വിറ്ററിൽ പുതിയ ഫോട്ടോയും ഷിൻഡെ പോസ്റ്റ് ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞക്ക് പിന്നാലെ ട്വിറ്ററിൽ പ്രൊഫൈൽ ഫോട്ടോ മാറ്റി ശിവസേനാ സ്ഥാപക നേതാവ് ബാൽ താക്കറെക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ബി.ജെ.പി പിന്തുണയോടെ ഭരണം നേടിയതോടെ, വിമതർ ഇനി പാർട്ടി പിടിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളാണ് യഥാർഥ ശിവ സേനക്കാർ എന്ന് ഷിൻഡെ വിഭാഗം സുപ്രീം കോടതിയിൽ അവകാശപ്പെട്ടു. ബാൽതാക്കറെയുടെ ഹിന്ദുത്വ ആശയത്തിൽ വെള്ളം ചേർത്താണ് ഉദ്ധവ് താക്കറെ എൻ.സി.പിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നാണ് ഷിൻഡെ ഉന്നയിച്ചിരിക്കുന്ന വാദം. ഈ സഖ്യം അസാധാരണ സഖ്യമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
ഷിൻഡെക്ക് 39 ശിവസേനാ എം.എൽ.എമാരുടെ പിന്തുണയുണ്ട്. എന്നാൽ ഉദ്ധവിന് 15 പേരുടെ പിന്തുണ മാത്രമാണുള്ളത്. കഴിഞ്ഞ ദിവസമാണ് ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ശിവ സേനാ ഓട്ടോ ഡ്രൈവർമാരെയും ഉന്തുവണ്ടിക്കാരെയും എം.പിയും എം.എൽ.എയുമാക്കി. അവർ സേനയെ വഞ്ചിച്ചുവെന്നും ഉദ്ധവ് കുറ്റപ്പെടുത്തിയിരുന്നു. ഓട്ടോ ഡ്രൈവറായിരുന്ന ഷിൻഡെയെ പരോക്ഷമായി വിമർശിക്കുകയായിരുന്നു ഉദ്ധവ്.
ഉദ്ധവിന്റെ രാജിയോടെ ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യമന്ത്രിയുമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ചർച്ചകൾക്കും അവകാശവാദങ്ങൾക്കും ഒടുവിൽ ഷിൻഡെ മുഖ്യമന്ത്രിയും ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയുമായി അധികാരമേൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.