'ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ ഭൂകമ്പമുണ്ടാകും'; ഉദ്ധവ് താക്കറെക്ക് മുന്നറിയിപ്പുമായി ഏക്നാഥ് ഷിൻഡെ

മുംബൈ: ഉദ്ധവ് താക്കറെയെ പരോക്ഷമായി ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ ഇവിടെ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു ഷിൻഡെയുടെ മുന്നറിയിപ്പ്. മലേഗാവിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഷിൻഡെയുടെ ഭീഷണി.

'ഞാൻ അഭിമുഖം കൊടുക്കാൻ തുടങ്ങിയാൽ ഭൂകമ്പമുണ്ടാകും. മറ്റുള്ളവരെ പോലെ ഞാൻ എല്ലാ വർഷവും അവധിയാഘോഷിക്കാൻ വിദേശയാത്ര നടത്തിയിട്ടില്ല. ശിവസേനയും അതിന്റെ വളർച്ചയും മാത്രമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്' -ഷിൻഡെ പറഞ്ഞു. ബാലാസാഹെബ് താക്കറെയുടെ പൈതൃകം സംരക്ഷിക്കുന്നതിനാണ് വിമത നീക്കം നടത്തിയതെന്ന് ഉദ്ധവ് താക്കറെയുടെ പേര് പരാമർശിക്കാതെ ഷിൻഡെ പറഞ്ഞു.

മുഖ്യമന്ത്രിയാകാൻ വേണ്ടി മാത്രം ബാലാസാഹെബിന്റെ പ്രത്യയശാസ്ത്രത്തോട് വിട്ടുവീഴ്ച ചെയ്യുന്നവരെ എന്താണ് വിളിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേന, കോൺഗ്രസും എൻ.സി.പിയും ചേർന്ന് സർക്കാർ രൂപവത്കരിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഇതൊരു വഞ്ചനയല്ലേ?. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ താൻ നയിക്കുന്ന ശിവസേനയും ബി.ജെ.പിയും ഒന്നിച്ച് മത്സരിച്ച് 200 സീറ്റുകളിൽ വിജയം നേടുമെന്നും കൂട്ടിച്ചേർത്തു. മഹാവികാസ് അഘാടി സർക്കാറിനെതിരെ ഷിൻഡെയും എം.എൽ.എമാരും നടത്തിയ വിമത നീക്കത്തിനു പിന്നാലെയാണ് ഉദ്ധവ് താക്കറെക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്.

Tags:    
News Summary - Eknath Shinde in veiled threat to Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.