മുംബൈ: ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെക്ക് ജന്മദിനാശംസകർ നേർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും എതിരാളിയുമായ ഏക്നാഥ് ഷിൻഡെ. ഉദ്ധവിന്‍റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ജഗദംബയോട് പ്രാർഥിക്കുന്നതായി ഷിൻഡെ ജന്മദിനാശംസ സന്ദേശത്തിൽ പറഞ്ഞു.
ശിവസേനയിലെ വിമതനീക്കത്തിനു ചുക്കാൻ പിടിച്ച ഷിൻഡെയും മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഉദ്ധവും തമ്മിൽ ദിവസങ്ങളായി വാക്കുതർക്കം തുടരുകയാണ്. പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കവും ഇരുവിഭാഗവും ശക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ പക്ഷത്തെ യഥാർഥ ശിവസേനയായി കണക്കാക്കണമെന്ന ഷിൻഡെ വിഭാഗത്തിന്റെ ഹരജിയിലുള്ള തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്കെതിരെ ഉദ്ധവ് വിഭാഗം സമർപ്പിച്ച പുതിയ ഹരജിയിൽ ആഗസ്റ്റ് ഒന്നിന് വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലിനും അവകാശമുന്നയിക്കാൻ ആവശ്യമായ രേഖകൾ ഇരുപക്ഷവും ആഗസ്റ്റ് എട്ടിനകം സമർപ്പിക്കണമെന്ന് ഈയിടെ തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് എതിരാളിക്ക് ഷിൻഡെ ജന്മദിനാശംസ നേർന്നത്. ചൊവ്വാഴ്ച സാമ്ന എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ടി എം.പിയുമായ സഞ്ജയ് റാവുത്ത് നടത്തിയ അഭിമുഖത്തിൽ, ഉദ്ധവ് ഷിൻഡെക്കെതിരെയും അദ്ദേഹത്തോടൊപ്പമുള്ള എം.എൽ.എമാർക്കെതിരെയും രൂക്ഷമായി രംഗത്തുവന്നിരുന്നു.
തന്നെ വിട്ടുപോയ എം.എൽ.എമാർ മരത്തിന്‍റെ പ്രയോജനത്തിനായി കൊഴിയുന്ന ചീഞ്ഞ ഇലകൾ പോലെയാണെന്നാണ് ഉദ്ധവ് വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.