ന്യൂഡൽഹി: വിവാദ ക്രിമിനൽ നടപടി ഭേദഗതി നിയമത്തെ ശക്തമായി എതിർത്ത് നിരവധി ഭേദഗതികൾ നിർദേശിച്ച സി.പി.എം എം.പി ജോൺ ബ്രിട്ടാസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ പാസാക്കാൻ രാജ്യസഭയിൽ എത്തിയപ്പോൾ ഹാജരില്ലാത്തത് കാരണം ഭേദഗതികൾ അവതരിപ്പിക്കാനായില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസിന് പോയ എളമരം കരീമും സി.പി.എം നവാഗത എം.പി എ.എ റഹീമും അടക്കം ആരും എതിർത്ത് വോട്ടു ചെയ്യാനും സഭയിലുണ്ടായില്ല.
ജോൺ ബ്രിട്ടാസ് ബില്ലിൽ മുന്നോട്ടുവെച്ച ഭേദഗതികൾ അവതരിപ്പിക്കാൻ ഏഴ് തവണ വിളിച്ച രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവൻഷ് അദ്ദേഹം ഹാജരില്ലെന്ന് പറഞ്ഞ് അവ മാറ്റിവെച്ചു. ബിൽ ഏതായാലും പാസാകുന്നതിനാൽ താൻ മുന്നോട്ടുവെച്ച ഭേദഗതി ഇനി അവതരിപ്പിക്കുന്നില്ലെന്ന് പറഞ്ഞ് മുസ്ലിം ലീഗിന്‍റെ പി.വി അബ്ദുൽ വഹാബും പിന്മാറി.
മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീർ ലോക്സഭയിൽ സ്വീകരിച്ച ശക്തമായ എതിർപ്പിൽ നിന്ന് വ്യത്യസ്തമായി വിവാദ ക്രിമിനൽ നടപടി ഭേദഗതി ബിൽ രാജ്യസഭയിൽ വഹാബ് നിലപാട് മയപ്പെടുത്തുകയും ചെയ്തു. വിവാദ ക്രിമിനൽ നടപടി ഭേദഗതി നിയമം ഓകെയാണെന്നും ഇത് ദുരുപയോഗം ചെയ്യുമെന്നതാണ് പ്രശ്നമെന്നും വഹാബ് വ്യക്തമാക്കി.
പാർട്ടിയുടെ പാർലമെന്‍ററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീർ ലോക്സഭയിൽ സ്വീകരിച്ച ശക്തമായ എതിർപ്പിൽ നിന്ന് വ്യത്യസ്തമായി വിവാദ ക്രിമിനൽ നടപടി ഭേദഗതി ബിൽ രാജ്യസഭയിൽ എത്തിയപ്പോഴാണ് അബ്ദുൽ വഹാബ് നിലപാട് മയപ്പെടുത്തിയത്. ഏതൊരു വ്യക്തിയെയും പുതിയ നിയമത്തിന് കീഴിൽ കൊണ്ടുവരരുത്. ചില വിഭാഗത്തിൽപ്പെടുന്ന കുറ്റവാളികളെ മാത്രം മതി. ക്രിമിനലുകളാണെങ്കിൽ ഏത് തരത്തിലുള്ള നടപടിയുമാകട്ടെ.
ശരീര ഭാഗങ്ങളെല്ലാം നോക്കട്ടെ. അതിന് പ്രശ്നമില്ല. നിലവിൽ ഏഴ് വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ തന്നെ നിയമത്തിന് കീഴിൽ വരും. അതേ പൊലീസുകാരൻ തന്നെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. പൊലീസിന് ഏത് വകുപ്പും ചുമത്താം. അതിനാൽ കാറ്റഗറി അടിസ്ഥാനത്തിലെ നിയമം പ്രയോഗിക്കാവൂ എന്ന് വഹാബ് ആവർത്തിച്ചു.
ബില്ലിൽ താൻ നിർദേശിച്ച ഭേദഗതി ഇനി അവതരിപ്പിച്ച് സഭയുടെ സമയം പാഴാക്കുന്നില്ലെന്നും എന്തായാലും ബിൽ പാസാകുമെന്നും വഹാബ് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.