ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ നിയമനപ്രക്രിയ പ്രധാനമന്ത്രിയുടെ കൈപ്പിടിയിലാക്കിയ വിവാദ നിയമം സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇതു പോലൊരു നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി. അടിയന്തരമായി കേൾക്കാൻ കേസ് അടുത്തൊരു ദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഹരജി ഏപ്രിലിലേക്കു മാറ്റുകയും ചെയ്തു. അതേസമയം, മധ്യപ്രദേശ് മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ ഠാകുർ സമർപ്പിച്ച ഹരജി കേൾക്കാമെന്നും കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ തിരക്കിട്ട് പാസാക്കിയ നിയമം തൊട്ടുപിന്നാലെ വിജ്ഞാപനമാക്കി പുറത്തിറക്കുകയും ചെയ്തിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിക്കാനുള്ള മൂന്നംഗ സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയാണ് നിയമനിർമാണം. കേന്ദ്രമന്ത്രിക്കു പുറമെ പ്രധാനമന്ത്രിയും ലോക്സഭയിലെ പ്രതിപക്ഷനേതാവുമാണ് സമിതിയിലുണ്ടാകുക. പ്രതിപക്ഷനേതാവില്ലെങ്കിൽ മുഖ്യ പ്രതിപക്ഷകക്ഷിയുടെ നേതാവ് അംഗമാകും.
നീതിപൂർവകവും നിഷ്പക്ഷവുമായി തെരഞ്ഞെടുപ്പ് നടത്താൻ ബാധ്യസ്ഥമായ കമീഷന്റെ നിയമനം ഇതോടെ പക്ഷപാതപരമായെന്നും ഭരണഘടനവിരുദ്ധമായ ഈ നിയമം റദ്ദാക്കണമെന്നുമാണ് ജയ ഠാകുറിന്റെ ഹരജിയിലെ ആവശ്യം. ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ അധികാരങ്ങളുടെ വേർതിരിക്കലിന്റെ നഗ്നമായ ലംഘനമാണിതെന്ന് ജയക്കുവേണ്ടി ഹാജരായ അഡ്വ. വികാസ് സിങ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.