ചണ്ഡീഗഢ്: ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ച നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷനെ സമീപിച്ച് ബി.ജെ.പി. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബി.ജെ.പി പേടിച്ചിരിക്കുകയാണെന്നും അതിനാലാണ് ഇത്തരമൊരു നീക്കമെന്നും കോൺഗ്രസ് പറഞ്ഞു.
ഒക്ടോബർ ഒന്നിന് മുമ്പും ശേഷവും അവധി ദിവസങ്ങളായതിനാൽ ഇത് പോളിങ് ശതമാനത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിയാന ബി.ജെ.പി അധ്യക്ഷൻ തെരഞ്ഞെടുപ്പ് കമിഷനെ സമീപിച്ചത്. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനെ അറിയിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പങ്കജ് അഗര്‍വാള്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമിഷനെ ആവശ്യം അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി തെരഞ്ഞെടുപ്പ് മാനേജ്‌മന്റ് കമ്മിറ്റി അംഗം വരീന്ദർ ഗാർഗ് രംഗത്തെത്തി. സെപ്തംബർ 28 ശനിയാഴ്ചയാണ്. അന്ന് പലർക്കും അവധിയാണ്. ഞായറാഴ്ചയും എല്ലാവർക്കും അവധിയാണ്. ഒക്ടോബർ ഒന്നിന് പോളിങ് ദിവസമായതുകൊണ്ട് അന്നും അവധിയാണ്. ഒക്ടോബർ രണ്ടിനും പൊതുഅവധിയാണ്. മഹാരാജ അഗ്രസെന്‍ ജയന്തി ആയതിനാൽ ഒക്ടോബര്‍ മൂന്നും അവധിയാണ് അതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ഗാർഗ് പറഞ്ഞു.
അതേസമയം തങ്ങളുടെ പരാജയം നേരത്തേ മനസിലാക്കിയ ബി.ജെ.പിയുടെ പേടിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് എം.പി. ദീപേന്ദര്‍ ഹൂഡ വിമര്‍ശിച്ചു.
ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ നാലിന് ഫലപ്രഖ്യാപനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.