ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ അരുൺ ഗോയൽ രാജിവെച്ചു. ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപദി മുർമു സ്വീകരിച്ചതായി നിയമമന്ത്രാലയം അറിയിച്ചു. 2027 വരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ടായിരുന്നു. ഫെബ്രുവരിയിൽ കമീഷണർ അനുപ് പാണ്ഡെ വിരമിച്ചിരുന്നു.
ഗോയൽ രാജിവെക്കുകയും ചെയ്തതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ മാത്രമാണുള്ളത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 2022 നവംബറിലാണ് തെരഞ്ഞെടുപ്പ് കമീഷണറായത്. കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥൻ എന്ന ആരോപണം നേരിട്ട അരുൺ ഗോയലിനെ ഒന്നാം മോദി സർക്കാറിന്റെ കാലത്ത് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് ശിക്ഷാനടപടിയുടെ ഭാഗമായി നീക്കംചെയ്തിരുന്നു. എം.പിമാരിൽനിന്നടക്കം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സ്വന്തം ശബ്ദത്തിൽ ഭക്തിഗാനങ്ങൾ ഇറക്കി ഹിന്ദുമത പ്രചാരകനായി സംഘ്പരിവാറിന്റെ പ്രീതി പിടിച്ചുപറ്റിയാണ് വീണ്ടും ഉന്നത ഉദ്യോഗ തലങ്ങളിലേക്ക് തിരിച്ചുവന്നത്. സ്വമേധയാ വിരമിച്ച ഇദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമീഷണറാക്കുകയായിരുന്നു. സർക്കാർ തിരക്കിട്ട് തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ നിയമനത്തെ സുപ്രീംകോടതിയിൽ ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.