മോദി, ഇത് താങ്കളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പല്ല, കർണാടകയിലെ ജനങ്ങൾക്ക് വേണ്ടിയാണ്- രാഹുൽ ഗാന്ധി

ബെംഗളൂരു: കർണാടകയിൽ നടക്കുന്നത് താങ്കളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പല്ലെന്നും ജനങ്ങളെയും അവരുടെ ഭാവിയെയും ബാധിക്കുന്ന തെരഞ്ഞെടുപ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ യാഥാർഥ്യം പ്രധാനമന്ത്രി മോദി മനസിലാക്കണെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. താൻ 91 തവണ അധിക്ഷേപിക്കപ്പെട്ടുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. തന്നെക്കുറിച്ച് മാത്രം സംസാരിക്കുന്നതിന് പകരം ബി.ജെ.പി സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കർണാടകത്തിനായുള്ള ഭാവി പരിപാടികളെക്കുറിച്ചും പ്രതിപാതിക്കാൻ പ്രധാനമന്ത്രി തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

“ താങ്കൾ കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുന്നു, പക്ഷേ കർണാടകത്തെക്കുറിച്ച് സംസാരിക്കുന്നില്ല, താങ്കൾ താങ്കളെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി താങ്കൾ കർണാടകയിൽ എന്താണ് ചെയ്തതെന്ന് പറയണം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എന്ത് ചെയ്യുമെന്ന് പ്രസംഗങ്ങളിൽ താങ്കൾ വ്യക്തമാക്കണം. യുവാക്കൾക്കു വേണ്ടി, വിദ്യാഭ്യാസ രംഗത്ത്, ആരോഗ്യ രംഗത്ത്, അഴിമതിക്കെതിരെ പോരാടാൻ എന്തുചെയ്യും" രാഹുൽ ഗാന്ധി ചോദിച്ചു.

"താങ്കളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പല്ല ഇത്, കർണാടകയിലെ ജനങ്ങളെയും അവരുടെ ഭാവിയെയും ബാധിക്കുന്ന തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് 91 തവണ അധിക്ഷേപിച്ചുവെന്ന് താങ്കൾ പറയുന്നു. എന്നാൽ താങ്കൾ കർണാടകത്തിനായി ചെയ്തതിനെ കുറിച്ച് ഒരിക്കലും സംസാരിക്കുന്നില്ല. താങ്കൾ ഇതുവരെ എന്താണ് ചെയ്തതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എന്തുചെയ്യും എന്നതിനെക്കുറിച്ചും അടുത്ത പ്രസംഗത്തിൽ വ്യക്തമാക്കണം" - രാഹുൽ പറഞ്ഞു.

തുംകുരു ജില്ലയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ തന്നെക്കുറിച്ചുള്ള അവകാശ വാദങ്ങൾ മാത്രം ഉന്നയിക്കുന്നതിനു പകരം സ്വന്തം പാർട്ടിയിലെ മുഖ്യമന്ത്രിയുടെയും മുൻ മുഖ്യമന്ത്രിയുടെയും പേരുകൾ ഒന്നോ രണ്ടോ തവണ പരാമർശിക്കാനെങ്കിലും മോദി തയാറാവണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 'വിഷ പാമ്പ്' പ്രയോഗത്തിൽ പ്രതികരിച്ചാണ്, കോൺഗ്രസും അതിന്റെ നേതാക്കളും തനിക്കെതിരെ 91 തവണ പലതരം അധിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞത്. 

Tags:    
News Summary - "Election Not About You": Rahul Gandhi On PM's "Abused 91 Times" Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.