ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ വിവിധ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങളോ സാധനങ്ങളുടെ സൗജന്യ വിതരണമോ തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ.
അത്തരം നടപടികൾ പാർട്ടികളുടെ നയപരമായ തീരുമാനങ്ങളാണെന്നും ഇവ സാമ്പത്തികമായി ബാധിക്കുമോ എന്ന് നോക്കേണ്ടത് വോട്ടർമാരാണെന്നും കമീഷൻ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ നയ തീരുമാനങ്ങളെയോ തെരഞ്ഞെടുപ്പ് ജയിച്ച് സർക്കാറുണ്ടാക്കുന്ന പാർട്ടിയുടെ നടപടികളെയോ നിയന്ത്രിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കഴിയില്ല. നിയമത്തിൽ അത്തരം വ്യവസ്ഥകൾ ഇല്ലാതിരിക്കെ, അധികാര ദുർവിനിയോഗമായി മാറുമെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെ ഭാഗമായി 47 ശിപാർശകൾ 2016 ൽ കമീഷൻ കേന്ദ്രത്തിന് നൽകിയിട്ടുണ്ട്. അതിൽ ഒരു അധ്യായം 'രാഷ്ട്രീയപാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയതാണ്. ഇതുസംബന്ധിച്ച് നിയമമന്ത്രാലയത്തിനും ശിപാർശ നൽകിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കൂട്ടിച്ചേർത്തു.
അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.