ന്യൂഡൽഹി: ബി.ജെ.പി പ്രധാന സമ്പാദകരായ ഇലക്ടറൽ ബോണ്ടിൽ മോദിസർക്കാർ കൈ പൊള്ളിയ നിലയിൽ. ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ ഇടിത്തീപോലെയാണ് സുപ്രീംകോടതി ഇടപെടലിലൂടെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിച്ചത്തായത്. വിഭാഗീയ അജണ്ടകൾ അകമ്പടിയാക്കി 400 സീറ്റെന്ന അവകാശവാദം മുന്നോട്ടുവെച്ച മോദിസർക്കാറിനും ബി.ജെ.പിക്കും സാമ്പത്തിക അവിഹിതങ്ങൾ സമ്പാദിച്ചെന്ന ഇലക്ടറൽ ബോണ്ട് ചർച്ച പരിക്കേൽപിക്കും.
അഴിമതിക്കെതിരായ പടനായകരെന്നാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുടർച്ചയായി അവകാശപ്പെട്ടു പോന്നത്. എന്നാൽ, ഇലക്ടറൽ ബോണ്ട്, കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികൾ, ബി.ജെ.പിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയ പണം എന്നിവ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നത് സർക്കാറിനെ വൻ പ്രതിരോധത്തിലാക്കി. നോട്ടു നിരോധനത്തിനെതിരായ ജനരോഷം ഒരുവിധം മറികടന്ന പഴയ ചരിത്രത്തിൽനിന്ന് ഭിന്നമായി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബി.ജെ.പി പറഞ്ഞുനിൽക്കാൻ പ്രയാസപ്പെടും.
നിയമവിരുദ്ധവും ഗൂഢവുമായ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് ബി.ജെ.പിയും മോദി സർക്കാറും നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. ബി.ജെ.പിയെ കൊഴുപ്പിക്കാനും മറ്റു പാർട്ടികളെ തളർത്താനുമുള്ള പദ്ധതിയാണ് ഇലക്ടറൽ ബോണ്ടെന്ന് നേരത്തേ വിമർശനം ഉയർന്നിരുന്നു. 2019 മുതൽ സംഭാവന നൽകിയവരുടെ പട്ടിക പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ കിട്ടിയത് ബി.ജെ.പിക്കാണ് -6,000 കോടിയിൽപരം രൂപ. ബോണ്ട് നൽകിയവർക്ക് സർക്കാറിൽനിന്ന് വലിയ നേട്ടം കിട്ടിയെന്ന പ്രതിപക്ഷ ആരോപണത്തിന് സ്റ്റേറ്റ് ബാങ്ക് കൈമാറി തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ച ഡാറ്റ ബലം നൽകുന്നു. ഉദാഹരണം: 14,400 കോടി രൂപയുടെ വൻകിട ടണൽ നിർമാണ കരാർ കിട്ടിയ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്ര ബി.ജെ.പിക്ക് ബോണ്ടായി നൽകിയത് 800 കോടി രൂപയാണ്.
സംഭാവന കിട്ടാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചുവെന്നതിന് പ്രതിപക്ഷം തെളിവു നിരത്തുന്നു. ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ 30ൽ 14 സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് നടന്നിട്ടുണ്ട്. ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ റെയ്ഡിന് പലവട്ടം വിധേയമാവുകയും 1,200 കോടി രൂപ ബോണ്ടായി ബി.ജെ.പിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഷിർദിസായ് ഇലക്ട്രിക്കൽസ് 40 കോടി നൽകിയത് റെയ്ഡ് നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ്. വേദാന്ത ഗ്രൂപ്പിന് കൽക്കരി ഖനനാനുമതി കിട്ടിയതിനു പിന്നാലെ 25 കോടി രൂപ ഇലക്ടറൽ ബോണ്ടായി ബി.ജെ.പിയിൽ എത്തി.
നോട്ടു നിരോധനം അടക്കം കള്ളപ്പണത്തിനെതിരെ നടത്തിയെന്നു പറയുന്ന യുദ്ധത്തിന്റെ മേനിപറച്ചിൽ പൊളിക്കുന്ന വിധമാണ് കടലാസു കമ്പനികൾ ബി.ജെ.പിക്ക് എത്തിച്ചു കൊടുത്ത സംഭാവന. 410 കോടി നൽകിയ ക്വിക് സപ്ലൈ ചെയിൻ ലിമിറ്റഡ് എന്ന കമ്പനിയുടെ ആകെ ഓഹരി മൂലധനം 130 കോടി രൂപ മാത്രമാണ്. അറ്റാദായത്തിന്റെ ചെറുവിഹിതത്തിൽ കൂടിയ തുക രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാൻ പാടില്ലെന്ന നിയമം തിരുത്തിയതിന്റെ ഉദ്ദേശംകൂടി വരച്ചിടുന്ന ഉദാഹരണമാണിത്.
അദാനി, അംബാനി തുടങ്ങിയ കോർപറേറ്റ് ഭീമന്മാരും മോദിസർക്കാറുമായുള്ള വഴിവിട്ട ബന്ധം നിരന്തര ചർച്ചയാണെങ്കിലും അവർ ബി.ജെ.പിക്ക് പണം നൽകിയതായി ഇലക്ടറൽ ബോണ്ട് ഡാറ്റയിൽ ഇല്ല. ഒന്നുകിൽ പിന്നാമ്പുറത്തു കൂടി, അല്ലെങ്കിൽ നിഴൽ കമ്പനികൾ വഴി ബി.ജെ.പിക്ക് വെളിച്ചത്തു വന്നതിന്റെ പല മടങ്ങ് പണം എത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവായി ഇത് ഉയർത്തിക്കാട്ടുകയാണ് പ്രതിപക്ഷം. സർക്കാറിനെന്നപോലെ, ചെറുകമ്പനികൾക്ക് കോർപറേറ്റ് ഭീമന്മാരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നു.
സുപ്രീംകോടതി നിർദേശിച്ചിട്ടും ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പു കഴിയും വരെ നൽകാതിരിക്കാൻ സ്റ്റേറ്റ് ബാങ്കിനെ സ്വാധീനിച്ചുവെന്ന വിമർശനം മോദിസർക്കാറിനെതിരെയുണ്ട്. നിർബന്ധിതാവസ്ഥയിൽ വിവരങ്ങൾ കൈമാറിയപ്പോൾ പോലും ഒളിച്ചുകളി നടത്തിയതിന് എസ്.ബി.ഐയെ വീണ്ടും പരമോന്നത നീതിപീഠം വെള്ളിയാഴ്ച വിമർശിച്ചു. സവിശേഷ ബോണ്ട് തിരിച്ചറിയൽ നമ്പർ എസ്.ബി.ഐ കൊടുത്തില്ല. 2018 മുതൽ 2019 വരെയുള്ള 2500 കോടി രൂപയുടെ വിശദാംശങ്ങൾ കൈമാറിയ ഡാറ്റയിൽ ഇല്ലെന്ന പ്രശ്നം പുറമെ. ഇതത്രയും എസ്.ബി.ഐക്കുമേൽ നിയന്ത്രണമുള്ള ധനമന്ത്രാലയത്തിന്റെ അവിഹിത ഇടപെടലുകൾക്ക് ഉദാഹരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കമ്പനികളിലേക്ക് കടന്നുചെല്ലുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ നിയന്ത്രിക്കുന്നതാകട്ടെ, ധനമന്ത്രാലയമാണ്.
തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ച ഇലക്ടറൽ ബോണ്ട് ഡാറ്റയുമായി ബന്ധപ്പെട്ട ഉള്ളുകള്ളികൾ തെരഞ്ഞെടുപ്പു കാലത്ത് കൂടുതലായി ചർച്ചക്കുവരുമെന്ന് വ്യക്തമാണ്. അഴിമതി വിരുദ്ധരായി ചമഞ്ഞ ബി.ജെ.പിയെ അത് വിഷമവൃത്തത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.