ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയിൽ സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് റദ്ദാക്കിയതുവഴി ഉണ്ടായ ആഘാതം മറികടക്കാൻ വഴിതേടി കേന്ദ്രസർക്കാർ. പുനഃപരിശോധന ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുക, വിധി മറികടക്കാൻ പാകത്തിൽ ബദൽ ഓർഡിനൻസ് കൊണ്ടുവരുക തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം എന്നതിനെക്കാൾ, പ്രതിഛായ നഷ്ടം കുറക്കുകയാണ് ലക്ഷ്യം. ഫലപ്രദമായ നടപടിയൊന്നും സ്വീകരിക്കാൻ കഴിയാതെവരുന്നത് മൂന്നു വിധത്തിൽ സർക്കാറിനെ ബാധിക്കും. മോദി സർക്കാറിന് കുറ്റമറ്റതും സുതാര്യവുമായ നിയമനിർമാണം നടത്താനുള്ള ശേഷി ചോദ്യം ചെയ്യപ്പെടും. ഇലക്ടറൽ ബോണ്ട് പദ്ധതിക്ക് സർക്കാർ ഭരണഘടനാ വിരുദ്ധമായ മാർഗങ്ങൾ സ്വീകരിച്ചുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് സർക്കാറിന്റെ അഴിമതിവിരുദ്ധ പോരാട്ടമുഖത്തിന് സാരമായ പരിക്കേൽപിക്കും.
ഇലക്ടറൽ ബോണ്ട് വഴി കമ്പനികളും വ്യക്തികളും ഓരോ പാർട്ടികൾക്കും ഇതുവരെ നൽകിയ സംഭാവനയുടെ കണക്ക് മാർച്ച് ആറിനു മുമ്പ് കൈമാറാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മാർച്ച് 13നകം മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ തെരഞ്ഞെടുപ്പു കമീഷനും ബാധ്യസ്ഥമാണെന്നിരിക്കെ, ഏറ്റവും കൂടുതൽ സംഭാവന സ്വീകരിച്ച ബി.ജെ.പി വലിയ പ്രതിരോധത്തിലാവുമെന്നും വ്യക്തമാണ്.
കടലാസ് കമ്പനികൾ സൃഷ്ടിച്ച് കള്ളപ്പണം ഇലക്ടറൽ ബോണ്ടിലൂടെ പാർട്ടികളിലേക്ക് വഴിതിരിച്ചുവിട്ടതായി കടുത്ത സംശയങ്ങളുണ്ട്. ഉറവിടം അജ്ഞാതമാക്കി നിലനിർത്തുന്ന വിധമുള്ള ഇലക്ടറൽ ബോണ്ട് നിയമവ്യവസ്ഥകൾ കോർപറേറ്റ്-സർക്കാർ ഗാഢബന്ധവും ദുഃസ്വാധീന സാധ്യതകളും സുതാര്യതയില്ലായ്മയും വളർത്തുമെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനെല്ലാമിടയിൽ അഴിമതിക്കാരല്ലെന്നും കൈകൾ സംശുദ്ധമാണെന്നും അടിയന്തരമായി ബോധ്യപ്പെടുത്താൻ ചില നീക്കങ്ങൾ അനിവാര്യമായ സ്ഥിതിയിലാണ് മോദിസർക്കാറും ബി.ജെ.പിയും. മാർച്ച് 13നാണ് ബോണ്ട് ദാതാക്കളുടെ വിശദാംശങ്ങൾ പുറത്തുവരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പു തീയതികൾ തെരഞ്ഞെടുപ്പു കമീഷൻ ഇതിനകം പ്രഖ്യാപിക്കും. ഫലത്തിൽ തെരഞ്ഞെടുപ്പു കളത്തിൽ പ്രധാന ഫണ്ട് സ്വീകർത്താക്കളായ ബി.ജെ.പി പ്രതിക്കൂട്ടിലാകുന്ന സാഹചര്യം ഉരുത്തിരിയും. വോട്ടറുടെ മനസ്സിനെ അത് സ്വാധീനിച്ചെന്നും വരാം. അതുകൊണ്ട് പട്ടിക പരസ്യപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഒഴിവായി കിട്ടേണ്ടതുണ്ട്. പുനഃപരിശോധന ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയും അത് ഫയലിൽ സ്വീകരിക്കുകയും പട്ടിക പുറത്തുവിടുന്നതിന് താൽക്കാലിക സ്റ്റേ കിട്ടാൻ ശ്രമിക്കുകയും ചെയ്താൽ മോദിസർക്കാറിനൊരു പിടിവള്ളിയാകും. നിലവിലെ ലോക്സഭയുടെ അവസാന സമ്മേളനവും കഴിഞ്ഞിരിക്കെ, സുപ്രീംകോടതി വിധി മറികടക്കാൻ ബദൽ ഫണ്ട് സമാഹരണ വ്യവസ്ഥകളുമായി ഓർഡിനൻസ് കൊണ്ടുവരാൻ ബി.ജെ.പി മുതിരുമോ എന്ന് വ്യക്തമായിട്ടില്ല. മറ്റൊരു ജനാധിപത്യവിരുദ്ധ നടപടിയെന്ന പഴി അതിലൂടെ ഏറ്റുവാങ്ങേണ്ടിവരും. വോട്ടർമാർക്കിടയിലെ സംശയങ്ങൾക്ക് അത് ആക്കം പകരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.