ജയ്റാം, നിങ്ങളവിടെ ഉണ്ടായിരുന്നുപോലുമില്ല...;നിതി ആയോഗ് വിഷയത്തിൽ ജയ്റാം രമേശിനെതിരെ നിർമല സീതാരാമൻ

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിനെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നിതി ആയോഗ് യോഗത്തിനിടെ മൈക്ക് ഓഫാക്കിയെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയ സംഭവത്തിലാണ് ഇരുവരും കൊമ്പുകോർത്തത്.

അഞ്ച് മിനിറ്റ് പോലും മമതയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് മോശമായിപ്പോയി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. അതിനിടയിലാണ് നിതി ആയോഗിനെതിരെ കടുത്ത വിമർശനവുമായി ജയ്റാം രമേശ് രംഗത്തുവന്നത്. ''10 വർഷം മുമ്പ് സ്ഥാപിച്ചതു മുതൽ നിതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധിപ്പിച്ച രീതിയിലാണ്. സ്വയംഭൂവായ പ്രധാനമന്ത്രിയുടെ ചെണ്ടകൊട്ടുകാരനെ പോലെയാണ് നിതി ആയോഗ് പ്രവർത്തിക്കുന്നത്.''-എന്നാണ് ജയ്റാം രമേശ് എക്സിൽ കുറിച്ചത്.

അതിന് മറുപടിയുമായാണ് നിർമല രംഗത്തുവന്നത്.

''ജയ്റാം നിങ്ങളവിടെ ഉണ്ടായിരുന്നില്ല. ആദരണീയയായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പറഞ്ഞത് ഞങ്ങളെല്ലാവരും കേട്ടതാണ്. അവർ മുഴുവൻ സമയവും സംസാരിച്ചു. ഞങ്ങളുടെ ടേബിളിനു മുന്നിൽ വെച്ച സ്ത്രീനിൽ കൃത്യമായി സമയം കാണിക്കുന്നുണ്ട്. ചില മുഖ്യമന്ത്രിമാർ അവർക്ക് അനുവദിച്ചതിലും സമയം വിനിയോഗിച്ചു. അവരുടെ അഭ്യർഥന മാനിച്ച് കുറച്ചുകൂടി സമയം അനുവദിക്കുകയായിരുന്നു. ആരുടെയും മൈക്ക് ഓഫ് ചെയ്തിട്ടില്ല. പ്രത്യേകിച്ച് മമത ബാനർജിയുടെ. അവർ കള്ളം പ്രചരിപ്പിക്കുകയാണ്. അവർ യോഗത്തിന് വന്നതിൽ വളരെ സന്തോഷമുണ്ട്. പ്രതിപക്ഷത്തിന്റെ മുഴുവൻ പ്രതിനിധിയെന്ന നിലയിൽ ആണതിനെ കാണുന്നത്. അവർ യോഗത്തിൽ പറഞ്ഞ കാര്യങ്ങളോട് ഞങ്ങൾക്ക് യോജിപ്പും വിയോജിപ്പും ഉണ്ട്. എന്നാൽ പുറത്തിറങ്ങിയതിനു ശേഷം അവർ അസത്യം പ്രചരിപ്പിക്കുകയാണ്. ഇൻഡ്യ സഖ്യത്തെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള കാട്ടിക്കൂട്ടലാണ് ഇതൊക്കെ എന്നാണ് എനിക്ക് തോന്നുന്നത്.''-നിർമല സീതാരാമൻ പറഞ്ഞു.

സംഭവത്തിൽ നിതി ആയോഗ് സി.ഇ.ഒ ബി.വി.ആർ. സുബ്രഹ്മണ്യവും പ്രതികരിച്ചു. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനർജിയുടെ സംസാരിക്കാനുള്ള ഊഴം. എന്നാൽ ഉച്ചഭക്ഷണത്തിന് മുമ്പ് സമയം അനുവദിക്കണമെന്നാണ് മമത ആവശ്യപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ ആൽഫറ്റിക് ഓർഡർ പ്രകാരമാണ് ഞങ്ങൾ സംസാരിക്കാൻ സമയം അനുവദിക്കുന്നത്. ആദ്യം ആന്ധ്രപ്രദേശ്, പിന്നീട് അരുണാചൽ പ്രദേശ്...എന്നിങ്ങനെ. എന്നാൽ അവർ അങ്ങനെ പറഞ്ഞപ്പോൾ, ഗുജറാത്തിലെ പ്രതിനിധി സംസാരിക്കുന്നതിന് മുമ്പേ ഞങ്ങൾ അവസരം നൽകി.-എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേന്ദ്രബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗം ബഹിഷ്‍കരിച്ചിരുന്നു. മമത മാത്രമാണ് ബി.ജെ.പി ഇതര സംസ്ഥാനത്തിൽ നിന്നുള്ള ഏക മുഖ്യമന്ത്രി. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാൻ 20 മിനിറ്റ് നൽകിയെന്നും തനിക്ക് അഞ്ച് മിനിറ്റ് മാത്രമേ അനുവദിച്ചുള്ളൂവെന്നുമായിരുന്നു മമതയുടെ ആരോപണം.

Tags:    
News Summary - Jairam, you weren’t even there': Nirmala Sitharaman to Cong leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.