ന്യൂഡൽഹി: മാധ്യമങ്ങളെ അതിരൂക്ഷമായി വിമർശിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇലക്ട്രോണിക് മാധ്യമങ്ങൾ രാത്രിയിലെ മാർപാപ്പയെന്ന നിലക്കാണ് പെരുമാറുന്നതെന്നും അത് വേണ്ടെന്നും ഒാർമിപ്പിച്ചു. ആരെക്കുറിച്ചും തങ്ങളുടെ സങ്കൽപത്തിലുള്ളതെന്തും ഒാൺലൈൻ മാധ്യമങ്ങൾ എഴുതുന്ന സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.
ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി കേവലം ഒരു വർഷം കൊണ്ട് 16,000 മടങ്ങ് ലാഭമുണ്ടാക്കിയ വാർത്ത പ്രസിദ്ധീകരിച്ചതിന് ജയ് ഷാ നൽകിയ മാനനഷ്ട കേസ് തള്ളണമെന്നാവശ്യപ്പെട്ട് ‘ദി വയർ’ ഒാൺലൈൻ പോർട്ടൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിെൻറ വിമർശനം. ഇൗ ആവശ്യം അഹ്മദാബാദ് അഡീഷനൽ ചീഫ് മെേട്രാപോളിറ്റൻ മജിസ്ട്രേറ്റും ഗുജറാത്ത് ഹൈകോടതിയും തള്ളിക്കളഞ്ഞതിനെ തുടർന്നാണ് ‘ദി വയർ’ റിപ്പോർട്ടർ രോഹിണി സിങ്, സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം.കെ. വേണു തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചത്. പ്രസംഗപീഠത്തിലിരിക്കുന്നതുപോലെയാണ് മാധ്യമപ്രവർത്തകരെന്നും അത് ശരിയായ മാധ്യമപ്രവർത്തനമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാത്രിയിലെ പോപും രക്ഷാധികാരിയുമായി മാറിയപോലെയാണ് അവർ പെരുമാറുന്നതെന്ന് ഇലക്ട്രോണിക് മാധ്യമങ്ങളെ ഉദ്ദേശിച്ച് ചീഫ് ജസ്റ്റിസ് പരിഹസിച്ചു. ഏതെങ്കിലും പ്രത്യേക ഇലക്േട്രാണിക് മാധ്യമത്തെ ഞാൻ പറയുന്നില്ല. പക്ഷേ, അവർ നീങ്ങുന്ന രീതിയെക്കുറിച്ചാണ് പറഞ്ഞത്. മാധ്യമങ്ങൾക്ക് കുച്ചുവിലങ്ങ് ഇടുന്നതിനെതിരെ നേരത്തെയും ഇൗയടുത്ത കാലത്തുമായി നിരവധി തവണ സുപ്രീംകോടതിയും താനും ഉറച്ചുനിന്നതാണ്. മാധ്യമങ്ങളെ വിലക്കി ഉത്തരവ് പുറപ്പെടുവിക്കുകയില്ല എന്ന് തങ്ങൾ പറഞ്ഞതാണ്. എന്നാൽ, സങ്കൽപത്തിനനുസരിച്ച് എന്തുമെഴുതാൻ പറ്റില്ല. അങ്ങനെ എഴുതാൻപറ്റില്ലെന്ന് പറയുന്നതിൽ ക്ഷമിക്കണം. നിരുത്തരവാദപരമായ റിപ്പോർട്ടിങ്ങാണത്. അതേസമയം തെൻറ വിമർശനം ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന കേസിനെക്കുറിച്ചല്ലെന്നും പൊതുവായി പറഞ്ഞതാണെന്നും ചീഫ് ജസ്റ്റിസ് ഒടുവിൽ കൂട്ടിച്ചർത്തു. ‘ദി വയറി’ന് വേണ്ടി ഹാജരായ അഡ്വ. കപിൽ സിബൽ മാനനഷ്ട കേസുകളും വാർത്തവിലക്കും മാധ്യമപ്രവർത്തനത്തെ ഞെക്കിക്കൊല്ലാൻ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോൾ ആഗ്രഹിക്കുന്നതൊക്കെ അവർക്ക് എഴുതാമെന്നാണോ സിബൽ ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ചിലപ്പോൾ അവരെഴുതുന്നത് തീർത്തും കോടതിയലക്ഷ്യമാകാറുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഇൗ സമയത്ത് കോടതിയിലുണ്ടായിരുന്ന മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി മാധ്യമങ്ങളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അന്യായമായ വിലക്ക് പാടില്ലെന്നും പറഞ്ഞ് രംഗം ശാന്തമാക്കാൻ നോക്കി. കാർത്തി ചിദംബരത്തിെൻറ കേസിൽ വിധി പുറപ്പെടുവിച്ച ഹൈകോടതി ജഡ്ജി, ചിദംബരത്തിെൻറ ജൂനിയറാണെന്ന് സംഘ് പരിവാർ ബുദ്ധിജീവി എസ്. ഗുരുമൂർത്തി ട്വിറ്ററിൽ കുറിച്ചത് ഒാർമിപ്പിച്ച കപിൽ സിബൽ എന്തുകൊണ്ടാണ് സുപ്രീംകോടതി അത്തരം കുത്തുവാക്കുകളെ കുറിച്ച് പ്രതികരിക്കാത്തതെന്ന് ചോദിച്ചു.
‘വയറി’നെതിരായ വിചാരണ താൽക്കാലികമായി തടഞ്ഞു
ന്യൂഡൽഹി: ‘ദി വയർ’ ഒാൺലൈൻ പോർട്ടലിനെതിരെ അഹ്മദാബാദ് അഡീഷനൽ മെട്രോേപാളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലെ മാനനഷ്ട കേസ് നടപടികൾ സുപ്രീംകോടതി ഏപ്രിൽ 12 വരെ തടഞ്ഞു. ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ മകൻ ജയ് ഷാ ‘ദി വയറി’നെതിരെ നൽകിയ മാനനഷ്ടക്കേസിലെ നടപടി തടയണമെന്നാവശ്യപ്പെട്ട് റിപ്പോർട്ടർ രോഹിണി സിങ്, സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജൻ, എം.കെ വേണു തുടങ്ങിയവർ സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിെൻറ നടപടി.
തങ്ങളുടെ ഭാഗത്തുനിന്ന് മാനനഷ്ടക്കേസിന് ആധാരമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും വസ്തുതാപരമായ വാർത്തയാണെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ കപിൽ സിബൽ ബോധിപ്പിച്ചു. അതിനാൽ അഹ്മദാബാദ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ തുടങ്ങിയാൽ തെൻറ കക്ഷികൾ കുറ്റം ചെയ്തുവെന്ന ധാരണയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ഹരജി ഏപ്രിൽ 12ന് പരിഗണിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി അതുവരെ വിചാരണ നടപടികൾ നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.