എൽഗാർ പരിഷത് കേസ്: ഗൗതം നവ്ലാഖക്ക് ജുഡീഷ്യൽ കസ്റ്റഡി തന്നെ

മുംബൈ: ജയിലിൽ നിന്നും വീട്ടുതടങ്കലിലേക്ക് മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൽഗാർ പരിഷത് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഗൗതം നവ്ലാഖ സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി തള്ളി. തലോജ ജയിലിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നവ്ലാഖ കോടതിയെ സമീപിച്ചത്.

വൈദ്യ സഹായം, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം എന്നിവയുൾപ്പെടെ ജയിൽ സൗകര്യത്തെ സംബന്ധിച്ച പരാതിയുണ്ടെങ്കിൽ എൻ.ഐ.എ കോടതിയെയോ അനുബന്ധ അധികാരികളെയോ അറിയിക്കണമെന്ന് ജസ്റ്റിസ് എസ്.ബി ശുക്രെ, ജി.എ സനാപ് എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. നവ്ലാഖക്ക് ആവശ്യമായ വൈദ്യ സഹായവും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് നവി മുംബൈയിലെ തലോജ ജയിൽ സുപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു.

താൻ മുതിർന്ന പൗരനാണെന്നും ആരോഗ്യ പ്രശ്നങ്ങൾ കാരണം വീട്ടുതടങ്കലിൽ കഴിയാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നവ്ലാഖ ഈ വർഷം ആദ്യം ഹൈകോടതിയെ സമീപിച്ചിരുന്നു. കേസിൽ വിചാരണ ഉടൻ തുടങ്ങാൻ സാധ്യതയില്ലെന്നും ജയിലിൽ നിന്ന് മോചിപ്പിച്ച് ഇദ്ദേഹത്തെ വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കണമെന്നും അഭിഭാഷകനായ യഗ് ചൗധരി കോടതിയോട് ആവശ്യപ്പെട്ടു.

നവ്ലാഖയെ വീട്ടുതടങ്കലിൽ കഴിയാൻ അനുവദിക്കരുതെന്നും കോടതി ഹരജി അംഗീകരിച്ചാൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ ഇദ്ദേഹത്തെ വിലക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകുമെന്നും എൻ.ഐ.എ ഹൈകോടതിയെ അറിയിച്ചു. വീട്ടുതടങ്കലിൽ കഴിയുന്നതിനായി നവ്ലാഖ ഉന്നയിച്ചത് സ്വാഭാവികമായ പരാതികളാണെന്നും എൻ.ഐ.എ കൗൺസൽ അഡീഷനൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയിൽ പറഞ്ഞു.

മുംബൈ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഒന്നാണ് അതിനാൽ തന്നെ തലോജ ജയിലിലും അംഗങ്ങളുടെ എണ്ണം കൂടുതലാണ്. തടവുകാരൻ ഹരജിയിൽ ഉന്നയിച്ച ജനത്തിരക്കുള്ള ജയിലെന്ന പരാമർശം പരിഗണിച്ച് വീട്ടുതടങ്കൽ അനുമതി നൽകുന്നതിന് ഉചിതമായ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കുറ്റാരോപിതൻ സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. ഇദ്ദേഹം നേരിടുന്ന പ്രയാസങ്ങളെ കുറിച്ച് എൻ.ഐ.എ കോടതിയെയോ അധികാരികളെയോ അറിയിക്കാൻ സ്വാതന്ത്രമുണ്ടെന്നും കോടതി വ്യക്തമാക്കി. നിയമത്തിന്‍റെ മാനദണ്ഡങ്ങൾ പാലിച്ച് നവ്ലാഖ ഉന്നയിച്ച പരാതികൾ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും കോടതി വ്യക്തമാക്കി.

നവ്ലാഖ സമർപ്പിച്ച ഹരജി മഹാരാഷ്ട്ര സർക്കാരും തള്ളി. തടവുകാരന് ആവശ്യമായ സൗകര്യങ്ങൾ ജയിലധികൃതർ ഒരുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Tags:    
News Summary - Elgar Parishad Case: Bombay High court rejects home custody plea of Goutham Navlakha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.