ന്യൂഡൽഹി: ഭീമ കൊറിഗാവ് യുദ്ധത്തിെൻറ അനുസ്മരണമായ എൽഗാർ പരിഷത്ത് മൂന്നു വർഷെത്ത ഇടവേളക്കു ശേഷം നാളെ വീണ്ടും. ബുക്കർ ജേതാവ് അരുന്ധതി റോയ്, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ എന്നിവരാണ് ഇത്തവണ മുഖ്യപ്രഭാഷകർ. വരവര റാവു, ആനന്ദ് തെർതുംദെ, സുധീർ ധവാലെ, സുധ ഭരദ്വാജ്, അരുൺ ഫെറേര, ഷോമ സെൻ, റോണ വിൽസൺ തുടങ്ങി നിരവധി അറസ്റ്റിലായ 2017ലെ സംഭവത്തിനു ശേഷം ആദ്യമായാണ് പരിപാടി അരങ്ങേറുന്നത്.
ബ്രിട്ടീഷ് സേനക്കൊപ്പം പ്രവർത്തിച്ചുവന്ന ഒരു സംഘം ദളിത് പടയാളികൾ പേഷ്വ ബാജിറാവു രണ്ടാമനെ പരാജയപ്പെടുത്തിയ 1818ലെ യുദ്ധത്തെ ഒാർമിക്കലാണെങ്കിലും അടുത്തിടെ സംഭവത്തിന് പുതിയ രാഷ്ട്രീയ മുഖം വന്നിരുന്നു. ഉയർന്ന ജാതിക്കാരായ ഭരണാധികാരികൾ തങ്ങൾക്കുമേൽ അടിച്ചേൽപിച്ച കൊടിയ പീഡനങ്ങളിൽനിന്ന് മോചനമെന്ന നിലക്ക് എല്ലാ വർഷവും ഭീമ കൊറിഗാവ് ഗ്രാമത്തിൽ ദളിതുകൾ സന്ദർശനം നടത്താറുണ്ട്. സംഭവത്തിന് 200 വർഷം പൂർത്തിയായ 2017 ഡിസംബർ 31ന് നടന്ന അനുസ്മരണ പരിപാടിക്കു പിന്നാലെയായിരുന്നു സംഘർഷം ഉണ്ടായത്. പുണെയിലെ ഷാനിവാർവാഡ കോട്ടയിൽ 30,000 ലേറെ പേർ പങ്കെടുത്ത പരിപാടിയിൽ നാടകം, പ്രഭാഷണങ്ങൾ, മുദ്രാവാക്യം വിളികൾ തുടങ്ങിയവയൊക്കെയും നടന്നിരുന്നു. പരിഷത്ത് സമാപിച്ചതിന് പിറ്റേന്ന് ജനുവരി രണ്ടിന് പ്രദേശത്ത് അക്രമ സംഭവങ്ങൾ അരേങ്ങറിയതോടെ നിരവധി പേരാണ് അറസ്റ്റിലായത്. കേസ് എൻ.ഐ.എ ഏറ്റെടുക്കുകയും 'അർബൻ നക്സലുകൾ' എന്ന് മുദ്രകുത്തി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ സംഘർഷങ്ങൾക്ക് തിരികൊളുത്തിയെന്നായിരുന്നു ആരോപണം.
വരവര റാവു, സുധീർ ധവാലെ, സുധ ഭരദ്വാജ്, അരുൺ ഫെറേര, ഷോമ സെൻ, റോണ വിൽസൺ എന്നിവർക്ക് പുറമെ ആനന്ദ് തെർതുംദെ, ഹാനി ബാബു, സ്റ്റാൻ സ്വാമി, ഗൗതം നവ്ലാഖ എന്നിവരെയും എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇവർ അർബൻ നക്സലുകളാണെന്നും പ്രധാനമന്ത്രിയെ വധിക്കാൻ ഇവർ പദ്ധതിയിട്ടതായും മഹാരാഷ്ട്ര പൊലീസ് 2018ൽ അവകാശപ്പെട്ടു.
2020 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിൽ സംഭവം മാവോവാദി ഗൂഢാലോചനയാണെന്ന് ആരോപിച്ചിരുന്നു. ഭീമ കൊറിഗാവ് സംഘർഷം ആഴത്തിൽ വേരുകളുള്ള ഗൂഢാലോചനയെന്ന് ബോംബെ ഹൈക്കോടതിയും പറഞ്ഞു. നേതാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയായിരുന്നു അറസ്റ്റ്.
അതേ സമയം, 2021ലെ എൽഗാർ പരിഷത്ത് സംഘാടകർ ബോംബെ ഹൈക്കോടതി മുൻ ജഡ്ജിമാരായ ബി.ജി കോൽസേ പാട്ടീൽ, പി.ബി സാവന്ത് എന്നിവരാണ്. 2017ലെ പരിപാടിയുടെയും സംഘാടകർ ഇവരായിരുന്നു.
വർഗീയ ശക്തികളെ ചെറുത്തുതോൽപിക്കാനാണ് എൽഗാർ പരിഷത്തെന്ന് ജസ്റ്റീസ് കോൽസെ പാട്ടീൽ പറഞ്ഞു.
പരിപാടിക്ക് നേരത്തെ പുണെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. കോവിഡ്, ക്രമസമാധാന പ്രശ്നം എന്നിവ പറഞ്ഞായിരുന്നു നടപടി. ഇതോടെ അനുമതിയില്ലാതെ നടത്തുമെന്ന് സംഘാടകർ മുന്നറിയിപ്പ് നൽകി. ഒടുവിൽ
ജനുവരി 30ന് നടത്താൻ അനുമതി നൽകുകയായിരുന്നു.
ജനുവരി 31നാണ് നടക്കേണ്ടതെങ്കിലും ഇത്തവണ ജനുവരി 30 ആയി നിശ്ചയിക്കുകയായിരുന്നു. ഹൈദരാബാദ് സെൻട്രൽ വാഴ്സിറ്റിയിൽ ദളിത് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ജന്മദിനം പരിഗണിച്ചാണ് ഒരു ദിവസം നേരത്തെയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.