ഗുവാഹത്തി: സിക്കിമിലെ നേപ്പാളികൾ വിദേശ വംശജരാണെന്ന സുപ്രീംകോടതി പരാമർശത്തിനെതിരെ പുനഃപരിശോധനാ ഹരജി നൽകി സംസ്ഥാന സർക്കാർ. സുപ്രീംകോടതിയുടെ പരാമർശം സിക്കിമിൽ രൂക്ഷമായ പ്രതിഷേധത്തിന് വഴിവെക്കുകയും രണ്ടു ദിവസം പ്രതിഷേധ സമരങ്ങൾ അരങ്ങേറുകയും ചെയ്തതിനു പിന്നാലെയാണ് സർക്കാറിന്റെ നടപടി. പരാമർശത്തിനെതിരെ നടപടി സ്വീകരിക്കാൻ ഏഴ് ദിവസമാണ് പ്രതിഷേധക്കാർ സർക്കാറിന് അനുവദിച്ചിരുന്നത്.
പ്രധാന പ്രതിപക്ഷമായ, പവൻ കുമാർ ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഇന്നു മുതൽ 48 മണിക്കൂർ നീണ്ട ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പ്രേം സിങ് താമങ് ഫെബ്രുവരി ഒമ്പതിന് നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ചു ചേർത്തിട്ടുമുണ്ട്.
ലെപ്ച്ചകളും ഭൂട്ടിയകളും കഴിഞ്ഞാൽ സിക്കിമിലെ സമുദായങ്ങളിൽ ഏറ്റവും കൂടുതലുള്ളത് നേപ്പാളീസാണ്.
അസോസിയേഷൻ ഓഫ് ഓൾഡ് സെറ്റിലേഴ്സ് ഓഫ് സിക്കിം നൽകിയ ഹരജി പരിഗണിക്കുന്നതിനിടെ ജനുവരി 13നായിരുന്നു സുപ്രീംകോടതിയുടെ വിവാദ പരാമർശം. 1975 ഏപ്രിൽ 26 ന് സിക്കിം ഇന്ത്യയുമായി ലയിക്കുന്നതിന് മുമ്പ് തന്നെ അവിടുത്തെ താമസക്കാരായിരുന്നവർക്ക് ആദായ നികുതിയിൽ ഇളവ് വേണമെന്ന ആശ്യമുന്നയിച്ചാണ് ഹരജി നൽകിയിരുന്നത്. ഈ ഹരജി പരിഗണിക്കവെയാണ് സിക്കിമിലെ നേപ്പാളികൾ വിദേശ വംശജരാണെന്ന പരാമർശം സുപ്രീംകോടതി നടത്തിയത്. ആദായ നികുതിയിൽ നിന്ന് ഓൾഡ് സെറ്റിലേഴ്സിനെ സുപ്രീംകോടതി ഒഴിവാക്കി നൽകുകയും ചെയ്തു.
ആദായ നികുതി നിയമം 1961ലെ 10 ാം വകുപ്പ് പ്രകാരം നികുതി ഇളവിന് ലയനത്തിന് മുമ്പും സിക്കിമിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും അർഹരാണെന്ന് കൂട്ടിച്ചേർത്താണ് നികുതിയിൽ നിന്ന് ഒഴിവാക്കിയത്.
സിക്കിം ഇൻകം ടാക്സ് മാന്വലിൽ അതനുസരിച്ചുള്ള മാറ്റങ്ങളും കോടതി വരുത്തി. വംശത്തിന് അതീതമായി വ്യവസായങ്ങൾ നടത്തുന്ന എല്ലാ ആളുകൾക്കും ആദായ നികുതി ഇളവിന് അർഹതയുണ്ട്. അതിനാൽ സിക്കിമിന്റെ യഥാർഥ പാരമ്പര്യം വഹിക്കുന്നവരായ ഭൂട്ടിയ -ലെപ്ച എന്നിവരെ കൂടാതെ വിദേശ വംശജരായ സിക്കിമിൽ താമസിക്കുന്ന നേപ്പാളികൾ ഉൾപ്പെടെ തലമുറകൾ മുമ്പ് സിക്കിമിൽ താമസമാക്കിയവർക്കും ആദായ നികുതി ഇളവിന് അർഹതയുണ്ട് എന്നായിരുന്നു കോടതി സിക്കിം ആദായ നികുതി മാന്വലിൽ വരുത്തിയ മാറ്റം.
ഉത്തരവിലെ വിദേശ വംശജർ എന്ന പരാമർശമാണ് സിക്കിം സ്വദേശികളെ വേദനിപ്പിച്ചത്. പ്രതിഷേധം രൂക്ഷമായതിനിടെ, സംസ്ഥാന ആരോഗ്യ മന്ത്രി ഫെബ്രുവരി രണ്ടിന് രാജിവെച്ചിരുന്നു. സിക്കിമിലെ ജനങ്ങളുടെ വികാരം സർക്കാർ ഗൗരവത്തിൽ ഉൾക്കൊള്ളുന്നില്ലെന്നും അതിനാൽ സർക്കാറിൽ തുടരുന്നതിൽ അർഥമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.