ഡെറാഡൂൺ: ബി.ജെ.പി നേതാവിന്‍റെ മകന്‍റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഉത്തരാഖണ്ഡ് പൊലീസ്. അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ റിസോർട്ട് ഉടമയും മാനേജരും യുവതിയെ നിർബന്ധിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ അശോക് കുമാർ പറഞ്ഞു. പ്രതിയുടെ മൊബൈൽ ചാറ്റ് ഹിസ്റ്ററി പരിശേധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ പ്രതികരണം.
പ്രതിയുടെ മൊബൈൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ തെറ്റായ കാര്യങ്ങൾ ചെയ്യാൻ യുവതിയെ സമ്മർദ്ദം ചെലുത്തിയതായി കണ്ടെത്തി. എന്നാൽ യുവതി ഇത് എതിർത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് റിസോർട്ട് ഉടമയിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം യുവതി അടുത്ത സുഹൃത്തുമായി സംസാരിച്ചതിന്‍റെ വാട്സ്ആപ്പ് സന്ദേശങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ബി.ജെ.പി നേതാവും ഉത്തരാഖണ്ഡിലെ മുൻ മന്ത്രിയുമായ വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. യുവതിയുടെ കൊലപാതകത്തിൽ പുൽകിത് ആര്യ, റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത എന്നിവരെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ടിലെത്തുന്ന അതിഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതി വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ കാണാനില്ലെന്നാരോപിച്ച് പുൽകിത് ആര്യ തന്നെ സെപ്റ്റംബർ 18 ന് റവന്യൂ പൊലീസിൽ വ്യാജ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത് വന്നതോടെ ഋഷികേശിലെ റിസോർട്ടിന് ചുറ്റും വൻ പ്രതിഷേധമാണ് നടന്നത്. പ്രതിഷേധക്കാർ റിസോർട്ടിന്‍റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞ് നശിപ്പിക്കുകയയും കെട്ടിടത്തിന്റെ ഭാഗങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
ജനരോഷം അതിരുകവിഞ്ഞതോടെ തങ്ങൾ നിസ്സഹായരായെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ഋഷികേശിലെ ചില്ല കനാലിൽ നിന്ന് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.