ചെന്നൈ: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലേക്ക് വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്ന ബിൽ തിങ്കളാഴ്ച തമിഴ്നാട് നിയമസഭ പാസാക്കി. തമിഴ്നാട് യൂനിവേഴ്സിറ്റി നിയമം ഭേദഗതി ചെയ്യുന്ന ബിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടിയാണ് അവതരിപ്പിച്ചത്. ബിൽ ഗവർണറുടെ അംഗീകാരത്തിനായി അയക്കും.
സംസ്ഥാന സർക്കാറുമായി കൂടിയാലോചന നടത്താതെ ഗവർണർ ഏകപക്ഷീയമായി നിയമനം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ പ്രസ്താവിച്ചു. ഇത് സർവകലാശാല ഭരണതലത്തിൽ പലവിധ ക്രമക്കേടുകൾക്കും കാരണമാകുന്നുണ്ട്. 2010ൽ മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ കമീഷൻ നൽകിയ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച റിപ്പോർട്ടിൽ ഗവർണർമാരെ സർവകലാശാല ചാൻസലർ പദവിയിൽനിന്ന് നീക്കണമെന്ന് ശിപാർശ ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ സർച്ച് കമ്മിറ്റി ശിപാർശ ചെയ്യുന്ന മൂന്നു പേരിൽ ഒരാളെയാണ് സംസ്ഥാന സർക്കാർ നിയമിക്കുന്നത്. ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലും സർച്ച് കമ്മിറ്റി നാമനിർദേശം ചെയ്യുന്ന മൂന്നു പേരിൽ ഒരാളെ സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തോടെ ഗവർണർ നിയമിക്കുന്നു -സ്റ്റാലിൻ ചൂണ്ടിക്കാട്ടി. രാജ്യത്ത് വി.സിമാരുടെ നിയമന വിഷയത്തിൽ ഗുജറാത്തിനൊരു നിയമം തമിഴ്നാടിന് മറ്റൊന്നുമെന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ. പൊൻമുടി പറഞ്ഞു. അണ്ണാ ഡി.എം.കെ, ബി.ജെ.പി അംഗങ്ങൾ ബില്ലിനെ എതിർത്ത് സഭയിൽനിന്ന് ഇറങ്ങിപ്പോക്ക് നടത്തി. അതേസമയം പ്രതിപക്ഷത്തെ പാട്ടാളി മക്കൾ കക്ഷി ബില്ലിനെ പിന്തുണച്ചു.
അതിനിടെ ബിൽ പാസാക്കിയ ദിവസം തന്നെ ഊട്ടിയിൽ യൂനിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം വിളിച്ചുകൂട്ടിയ തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നടപടി വിവാദമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയല്ലാതെ ഇത്തരമൊരു യോഗം വിളിച്ചത് സർക്കാറിനോടുള്ള അനാദരവാണ് പ്രകടമാക്കുന്നതെന്ന് വിവിധ കക്ഷി നേതാക്കൾ നിയമസഭയിൽ ആരോപിച്ചു. വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് എടുത്തുകളയുന്ന ബില്ലിന് ഗവർണർ അംഗീകാരം നൽകുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ഇതിന് മുമ്പ് നീറ്റ് റദ്ദാക്കൽ ഉൾപ്പെടെ തമിഴ്നാട് നിയമസഭ പാസാക്കിയ 11 ബില്ലുകൾക്ക് ഇനിയും ഗവർണർ അംഗീകാരം നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.